Madhavam header
Above Pot

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്രം തടഞ്ഞു , ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി

കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലം തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള തീരുമാനത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തയ്യാറായിട്ടില്ലെന്നും ഉത്തരവിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ചാനല്‍ വ്യക്തമാക്കി. 

അതിനിടെ, ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് മരവിപ്പിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.നേരത്തെ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേബിള്‍ നെറ്റ് വര്‍ക്ക് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.

Astrologer

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്രസർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേക്ഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. എന്ത് കാരണത്താൽ സംപ്രേക്ഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.അപ്രിയമായ വാർത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘപരിവാർ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സർക്കാർ നടപ്പാകുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യം രാജ്യത്ത് ഇല്ലാതാവുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ല. ഇത് ജനാധിപത്യത്തിന് അപമാനകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റവുമാണ്. ഇത് ഒരു ടെസ്റ്റ് ഡോസാണോ എന്ന് പോലും സംശയമുണ്ട്. രണ്ടാo തവണയാണു മീഡിയ വണിനെതിരെ നടപടി എടുക്കുന്നത്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങള്‍ അണിനിരക്കണമെന്നാണ് തന്‍റെ അഭ്യർഥനയെന്നും ചെന്നിത്തല പറഞ്ഞു. എത്രയും പെട്ടന്ന് ഈ നിയന്ത്രണം പിന്‍വലിക്കണമെന്നും സ്വതന്ത്രമായി വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനുളള അവകാശം പുനസ്ഥാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ നടപടി എത്രയും വേഗം തിരുത്തണമെന്ന്​ കേരള പത്രപ്രവർത്തക യൂനിയൻ ആവശ്യപ്പെട്ടു. ചാനലിന്‍റെ വിലക്ക്​ അടിയന്തമായി നീക്കാൻ ഇടപെടണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ്​ താക്കൂറിനും അയച്ച നിവേദനത്തിൽ യൂനിയൻ പ്രസിഡന്‍റ്​ കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ്​ സുഭാഷും ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്കു പൂട്ടിടുന്ന ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ശക്​തമായ ​പ്രക്ഷോഭ പരമ്പര സൃഷ്​ടിക്കുമെന്ന്​ അവർ അറിയിച്ചു.

രാജ്യത്തു കുറച്ചുകാലമായി മാധ്യമങ്ങൾക്കു നേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ്​ മീഡിയവൺ. ജനാധിപത്യം ഉറപ്പ്​ നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മാധ്യമ സ്വാതന്ത്ര്യത്തിന്‍റെയും കടയ്ക്കൽ കത്തി വെക്കുന്നതാണു കേന്ദ്ര നടപടി. മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തി​ന്‍റെ ശ്രമം ഇന്ത്യൻ ഭരണഘടനയോടു തന്നെയുള്ള വെല്ലുവിളിയാണ്​. ജനപക്ഷ നിലപാട്​ എടുക്കുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങ്​ ഇടാൻ ശ്രമിക്കുന്നതിലൂടെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുകയാണ്​.മീഡിയവൺ ചാനലിന്​ വീണ്ടും ഏർപ്പെടുത്തിയ വിലക്ക്​ കേന്ദ്ര ഭരണകൂടത്തിന്‍റെ മാധ്യമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാട്​ ഒരിക്കൽക്കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു.

പ്രത്യേകിച്ച്​ ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശ്നങ്ങൾ എന്നു മാത്രം പറഞ്ഞാണ് ചാനലിനെ വിലക്കിയിരിക്കുന്നത്​. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്? സുരക്ഷാ വിഷയത്തിൽ എന്തു ഭീഷണിയാണ് മീഡിയവൺ സൃഷ്ടിച്ചത് എന്നീ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെയാണ് ഈ വിലക്ക്. അപ്രഖ്യാപിത അടിയന്തരാവസ്‌ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ പൗരസമൂഹവും ഒന്നിച്ച്​ അണിനിരക്കേണ്ടതുണ്ടെന്നും കെ.യു.ഡബ്ല്യു.ജെ പ്രസ്താവനയിൽ വ്യക്തമാക്കി

Vadasheri Footer