മണിപ്പൂരില്‍ കലാപം രൂക്ഷം, വെടി വെക്കാൻ ഉത്തരവ്
ഇംഫാൽ : കലാപം രൂക്ഷമായ മണിപ്പൂരില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍. ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണര്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കി. കലാപം തുടരുന്ന മണിപ്പൂരില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനവും നീട്ടിയിട്ടിട്ടുണ്ട്.
സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍, സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഉത്തരവില്‍ ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഒപ്പുവച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ അക്രമികളെ വെടിവയ്ക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്ക് ഉള്‍പ്പെടെ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.
‘എന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്, ദയവായി സഹായിക്കൂ’ എന്നാണ് ബോക്‌സിങ് ഇതിഹാസം മേരി കോമിന്റെ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത ട്വീറ്റ് ഇതിനകം നിരവധിപേര്‍ പങ്കുവെച്ചു. മെയ്തി സമുദായത്തിനു പട്ടികവര്‍ഗ പദവിക്ക് നല്‍കുന്നതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മേഖലകളില്‍ സൈന്യത്തെ കൂടാതെ അസം റൈഫിള്‍സിനെയും വിന്യസിച്ചു.
അക്രമ ബാധിത സ്ഥലങ്ങളില്‍ നിന്ന് ഇതുവരെ 9000 ത്തോളം പേരെയാണ് സൈന്യം ഒഴിപ്പിച്ചത്. സൈനിക ക്യാമ്പിലേക്കും സര്‍ക്കാര്‍ ഓഫീസിലേക്കുമാണ് ഇവരെ മാറ്റിയത്. സംസ്ഥാനത്തുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, തൗബല്‍, അടക്കം 8 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരേ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളാണ് പ്രതിഷേധം ഉയര്‍ത്തിയത്
ഗോത്രവർഗക്കാരല്ലാത്ത മെയ്തി സമുദായത്തിനു പട്ടികവർഗ പദവിക്ക് നൽകിയതിനെതിരെ ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) ചുരാചന്ദ്പൂർ ജില്ലയിലെ ടോർബങ്ങിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്‌തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല.