വൻ തുക വാങ്ങി മാനഭംഗ ക്കേസ് അട്ടിമറിച്ചു , കേരള പൊലീസിനെതിരെ ആദ്യത്തെ ഇ.ഡി കേസ്
തൃശൂർ: വൻ തുക വാങ്ങി മാനഭംഗ ക്കേസ് അട്ടിമറിച്ച കേരള പോലീസിലെ നാലുപേരെ പ്രതിചേർത്തുകൊണ്ടുള്ള കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് ആദ്യമായി പോലീസിനെതിരേ ഇ.ഡി. ചുമത്തിയ കേസാണിത്. മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പാറമട ഉടമയിൽനിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദിച്ചെന്നുകാണിച്ച് പൊതുപ്രവർത്തകനായ അജിത് കൊടകര നൽകിയ പരാതിയിലാണ് നടപടി.
ഇക്കാര്യത്തിൽ ഇ.ഡി. വിശദ അന്വേഷണം നടത്തിയാണ് രണ്ട് പോലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാലുപേരെ പ്രതിേചർത്തത്. കൊടകര സ്റ്റേഷൻ എസ്.എച്ച്.ഒ. ആയിരുന്ന അരുൺ ഗോപാലകൃഷ്ണൻ, തടിയിട്ടപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഒ. സുരേഷ്‌കുമാർ, എ.എസ്.െഎ. യാക്കൂബ്, വനിതാ സി.പി.ഒ. ജ്യോതി ജോർജ് എന്നിവരെയാണ് പ്രതിേചർത്തിരിക്കുന്നത്.
മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വൻതുക കൈപ്പറ്റിയെന്നാണ് പരാതി. പ്രാഥമികാന്വേഷണം നടത്തിയ ഇ.ഡി. പരാതിക്കാരനിൽനിന്ന് തെളിവുകളും മൊഴിയുമെടുത്തു. മാനഭംഗക്കേസിൽ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച പരാതിയിൽ ഹൈക്കോടതി വിശദീകരണം ചോദിച്ചപ്പോൾ തടിയിട്ടപ്പറമ്പ് പോലീസ് നൽകിയ സത്യവാങ്മൂലമാണ് പോലീസുകാർക്ക് വിനയായത്.
പരാതിക്കാരിയായ പെൺകുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാൻ മാനഭംഗപ്പരാതി കെട്ടിച്ചമയ്ക്കാറുണ്ടെന്നും കൊടകര സ്റ്റേഷനിൽ പെൺകുട്ടിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പോലീസ് 2020 സെപ്റ്റംബർ 30-ന് നൽകിയ സത്യവാങ്മൂലം.
എന്നാൽ, കൊടകര പോലീസ് പെൺകുട്ടിയുടെ പേരിൽ കേസെടുത്തത് ഒക്ടോബർ ഒന്നിനായിരുന്നു. ഇൗ കേസിൽ പെൺകുട്ടിയെ കുടുക്കാൻ കൊടകരയിലെയും തടിയിട്ടപ്പറമ്പിലെയും പോലീസുകാർ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതി നൽകിയത്. ഇതുസംബന്ധിച്ച് ചാലക്കുടി ഡിവൈ.എസ്.പി. അന്വേഷിച്ചെങ്കിലും പോലീസിന് അനുകൂല റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കൊടകര സ്റ്റേഷൻ എസ്.എച്ച്.ഒ. ആയിരുന്ന അരുൺ ഗോപാലകൃഷ്ണനെതിരേ വകുപ്പുതലനടപടിക്ക് ശുപാർശ ചെയ്തിരുന്നു.
കേസിൽ പോലീസിന്റെ വേട്ടയാടലിനെത്തുടർന്ന് പെൺകുട്ടി വിേദശത്തേക്ക് പോയി. കേസ് നടത്തിപ്പിന് ചുക്കാൻപിടിച്ച അജിത് കൊടകരയെ വെള്ളിക്കുളങ്ങര പോലീസ് ഗുണ്ടാപട്ടികയിലുൾപ്പെടുത്തി. ഇൗ സ്റ്റേഷനിൽ അജിത്തിനെതിരേ ഒരു കേസ് പോലുമില്ല.