
മമ്മിയൂർ മഹാശിവരാത്രി മത്തവിലാസം കൂത്തോടെ ആരംഭിക്കും.
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ മഹാശിവരാത്രി ഫെ ബ്രുവരി 21-ന് ആരംഭിക്കുന്ന മത്തവിലാസം കൂത്തോടെ ആരംഭം കുറിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രങ്ങളിൽ വളരെ അപൂർവ്വമായി മാത്രം നടത്തിവരാറുള്ള ആചാര അനുഷ്ഠാന കലയാണ് മത്തവിലാസം കൂത്ത്. ക്ഷേത്രം നാലമ്പലത്തിൽ വെച്ചാണ് ഈ പൗരാണിക സംസ്കൃത കലാരൂപം അരങ്ങേറുന്നത്.

ഫെബ്രുവരി 21 ന് രാവിലെ 7 മുതൽ സൂത്രധാരൻ്റെ പുറപ്പാട്, ഫെബ്രുവരി 22- ന് വൈകീട്ട് ദീപാരാധനക്ക് ശേഷം സൂത്രധാര നിർവ്വഹണം, ഫെബ്രുവരി 23-ന് വൈകീട്ട് ദീപാരാധനക്ക് വൈകീട്ട് ദീപാരാധനക്ക് ശേഷം കാപാലി എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് മത്തവിലാസം കൂത്ത് അരങ്ങേറുന്നത്. വിവാഹ തടസ്സങ്ങൾ നീക്കുക, സൽസന്താന സൗഭാഗ്യം, ശത്രുദോഷനിവാരണം, കാര്യസിദ്ധി എന്നിവ ഈ കൂത്തിൻ്റെ ഫലശ്രുതിയായി പറയപ്പെടുന്നു. പ്രശസ്ത ചാക്യാർകൂത്ത് കലാകാരനായ കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തിലുള്ള പ്രഗത്ഭരായ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് മത്തവിലാസം കൂത്ത് നടത്തപ്പെടുന്നത്. ഭക്തജനങ്ങൾക്ക് 250 രൂപ നിരക്കിൽ മത്തവിലാസം കൂത്ത് രശീതി യാക്കാവുന്നതാണ്.
ഫെബ്രുവരി 24 മുതൽ നടരാജ മണ്ഡപത്തിൽ ഭക്തി പ്രഭാഷണം അഷ്ടപദി കച്ചേരി, ബൊമ്മലാട്ടം, അക്ഷരശ്ലോകസദസ്സ്, കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ദുര്യോധനവധം കഥകളി, ശിവരാത്രി ദിവസമായ ഫെബ്രുവരി 26 ന് കാലത്ത് ദക്ഷയാഗം എന്ന വിഷയത്തിൽ ഗുരുവായൂർ മണി സ്വാമിയുടെ ഭക്തി പ്രഭാഷണം രഹ്നമുരളീ ദാസിൻ്റെ മോഹിനിയാട്ടം വൈകിട്ട് 4 മണിക്ക് കോമത്ത് നാരായണ പണിക്കരുടെ നേതൃത്വത്തിൽ സമൂഹാർച്ചന, മമ്മിയൂർ മാതൃസമിതിയുടെ നൃത്താർച്ചന,പ്രീതമുരളിയും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ ഉണ്ടായിരിക്കും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ശിവനും, മഹാവിഷ്ണുവിനും ലക്ഷാർച്ചന, മഹാദേവന് ഭസ്മാഭിഷേകം, ശ്രീ ഭൂതബലി എഴുന്നെള്ളിപ്പ്, രാത്രി ഗുരുവായൂർ ക്ഷേത്ര കലാനിലയത്തിൻ്റെ ബാണയുദ്ധം കൃഷ്ണനാട്ടം കളിയും ഉണ്ടായിരിക്കുന്നതാണ്.
ശിവരാത്രി ദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും വിപുലമായ പ്രസാദ ഊട്ടും ഒരുക്കിയിട്ടുള്ളതായി ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ അറിയിച്ചു. ദേവസ്വം ഓഫീസിൽ നടന്ന വാർത്ത സമ്മേളനത്തിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഷാജി എൻ , ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ.ഗോവിന്ദ് ദാസ്, ജീവനക്കാരുടെ പ്രതിനിധി കെ. ജ്യോതി ശങ്കർ തുടങ്ങിയവർ പങ്കെടുത്തു