മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഹിന്ദിയിലും തെലുങ്കിലുമായി മേജര്‍ വരുന്നു

">

കൊച്ചി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി സിനിമ വരുന്നു. മേജര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി (ജിഎംബി) ചേര്‍ന്നാണ് സോണി പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്നത്. ടോളീവുഡില്‍ സോണി പിക്‌ച്ചേഴ്‌സിന്റെ അരങ്ങേറ്റം കുറിക്കുന്നത് കൂടിയായിരിക്കും മേജര്‍. പൃഥ്വിരാജ് ചിത്രം നയനിന് ശേഷം സോണി പിക്‌ച്ചേഴ്‌സിന്റെ ഏറ്റവും പുതിയ സംരംഭമാണ് മേജര്‍.

തെലുങ്കിലെ യുവതാരം ആദിവി സേഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍,മേയ് മാസങ്ങളില്‍ ആരംഭിക്കും. ഗൂഡാച്ചാരി എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ ഷഷികിരണ്‍ ടിക്കയാണ് മേജറിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ത്യക്കാരെ മാത്രമല്ല അതിര്‍ത്തിക്കപ്പുറമുള്ളവരെയും പ്രചോദിപ്പിക്കാനാകുന്ന ശക്തമായ കഥയാണ് മേജറിന്റേതെന്ന് സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് മേധാവിയും എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റുമായ ലെയ്ന്‍ ക്ലൈന്‍ പറഞ്ഞു. ആഗോളതലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ജിഎംബിയിലൂടെ താനും മഹേഷ് ബാബുവും ആഗ്രഹിച്ചിരുന്നതെന്ന് ജിഎംബി മാനേജിംഗ് ഡയറക്ടര്‍ നമ്രത ഷിരോദ്കര്‍ പറഞ്ഞു. രാജ്യത്തിന്റെ ഒരു ഹീറോയെക്കുറിച്ചുള്ള ജീവിതകഥ സിനിമയാക്കാന്‍ കഴിയുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അവര്‍ പറഞ്ഞു. മേജര്‍ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *

Sponsors