മഹാരുദ്രയജ്ഞത്തിന് മമ്മിയൂരിൽ തുടക്കമായി
ഗുരുവായൂർ: മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ യജ്ഞശാലയിൽ അഗ്നി പകർന്നതോടു കൂടി മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞത്തിന് സമാരംഭമായി. പതിനൊന്ന് വെള്ളിക്കലശങ്ങളിൽ നിറച്ച ശ്രേഷ്ഠ ദ്രവ്യങ്ങൾ ശ്രീരുദ്രമന്ത്രം ജപിച്ച് ചൈതന്യമാക്കിയ ശേഷം ബ്രഹ്മശ്രീ ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്യുന്നത് ദർശിക്കുവാൻ നിരവധി ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.
യജ്ഞശാലയിൽ നടന്ന ശ്രീരുദ്രമന്ത്ര ജപത്തിന് കേരളത്തിലെ പ്രമുഖ വേദ പണ്ഡിതൻമാർ പങ്കെടുത്തു. നടരാജ മണ്ഡപത്തിൽ നടക്കുന്ന സാംസ്കാരിക പരിപാടികളുടെ ദീപ പ്രോജ്വലനം ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. മമ്മിയൂർ ദേവസ്വം സഹായഹസ്തം പദ്ധതിയുടെ ഭാഗമായി 2023 – ലെ ബഡ്ജറ്റ് പ്രകാരമുള്ള നീക്കിയിരിയിപ്പിൽ നിന്നും നിർദ്ധനരായ 20 രോഗികൾക്ക് 20,000 രൂപ വീതം ചികിത്സാ ധനസഹായം ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ കൈമാറി.
ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. ഹരിഹരകൃഷണൻ, മെമ്പർമാരായ കെ.കെ.ഗോവിന്ദ് ദാസ് , പി. സുനിൽകുമാർ , കെ.കെ. വിശ്വനാഥൻ, മലബാർ ദേവസ്വം ബോർഡ് മലപുറം ഏരിയ കമ്മിറ്റി മെമ്പർ ആർ. ജയകുമാർ , എക്സി കൂട്ടീവ് ഓഫീസർ എൻ.കെ. ബൈജു എന്നിവർ പങ്കെടുത്തു.
ജയലക്ഷ്മി യുടെ ഭക്തി പ്രഭാഷണം, വൈകീട്ട് പാണീവാദ രത്നം കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർ കൂത്ത്, ഗുരുവായൂർ മുരളിയുടെ നാദസ്വരം, യോഗേഷ് ബാംഗ്ലൂർ & പാർട്ടിയുടെ നൃത്തശില്പം, നാഗക്കാവിൽ കാലത്ത് നാഗപ്പാട്ട്, വൈകീട്ട് പാതിരിക്കുന്നത്ത് കുളപ്പുറത്ത് മനയ്ക്കൽ സദാനന്ദൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ സർപ്പബലി എന്നിവയും ഉണ്ടായി. മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.