Above Pot

വീണയുടെ കമ്പനിയിൽ എസ്എഫ്ഐഒ അന്വേഷണം , മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ രോഷാകുലനായി മുഖ്യമന്ത്രി

തിരുവനന്തപുരം: വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു പിണറായി വിജയന്‍റെ മറുപടി. ഇതുസംബന്ധിച്ചുള്ള തുടര്‍ ചോദ്യങ്ങളില്‍ നിങ്ങള്‍ക്ക് ചെവി കേള്‍ക്കുന്നില്ലേ എന്നായിരുന്നു സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരിച്ചുള്ള ചോദ്യം.

First Paragraph  728-90

അന്വേഷണം നടക്കുന്നുണ്ടല്ലോ. അത് നടക്കട്ടെ. അത് കഴിഞ്ഞാല്‍ വിവരം ലഭിക്കുമല്ലോ. അപ്പോ നിങ്ങള്‍ക്ക് എല്ലാം മനസിലാകുമല്ലോയെന്നായിരുന്നു വീണ വിജയനുമായി ബന്ധപ്പെട്ട ചോദ്യത്തിന് പിണറായി വിജയന്‍റെ മറുപടി. തുടര്‍ന്നുള്ള ചോദ്യത്തോടാണ് പിണറായി വിജയൻ രോഷത്തോടെ പ്രതികരിച്ചത്. ഞാൻ പറഞ്ഞത് കേട്ടില്ലേ? നിങ്ങള്‍ക്ക് കേള്‍വിക്ക് എന്തെങ്കിലും തകരാര്‍ ഉണ്ടോ?. ഇല്ലലോ എന്നാ അതു മതി എന്ന് സ്വരം കടുപ്പിച്ചുകൊണ്ട് മറുപടി നല്‍കുകയായിരുന്നു.

ഈരാറ്റുപേട്ട സംഭവത്തിലും മുന്‍ പ്രസ്താവനയില്‍ പിണറായി വിജയൻ ഉറച്ചുനിന്നു. ഈരാറ്റുപേട്ട സംഭവത്തില്‍ ഉള്ളകാര്യം ഉള്ളതുപോലെ പറയുകയായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് കേരളത്തില്‍ പോരാട്ടമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ പ്രസ്താവനയെയും പിണറായി തള്ളി. കേരളത്തില്‍ യുഡ‍ിഎഫും-എല്‍ഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ഇതില്‍ എല്‍ഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തില്‍ പിണറായി വിജയനെതിരായ പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനയ്ക്കും പിണറായി മറുപടി നല്‍കി. പത്മജ പോയ കൂട്ടത്തില്‍തന്റെ പേര് കൂടി പരാമർശിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് ഏതായാലും നന്നായെന്നും പ്രതിപക്ഷ നേതാവിന് എന്താണ് സംഭവിക്കുന്നതെന്നും പിണറായി വിജയൻ പരിഹസിച്ചു. സ്വന്തം പാർട്ടിയിൽ നടക്കുന്ന കാര്യത്തിന് ഉത്തരവാദിത്തം മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നത് സ്വന്തം പാർട്ടിയിലുള്ളവർ എങ്ങനെ കാണുമെന്നെങ്കിലും ചിന്തിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ കേരളം നിലപാട് എടുത്തിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. 835 കേസ് രജിസ്റ്റർ ചെയ്തതിൽ 629 കേസ് കോടതിയിൽ നിന്ന് ഇല്ലാതായി. 260 കേസിൽ 86 എണ്ണം പിൻവലിക്കാൻ സർക്കാർ സമ്മതം നൽകി. കേവലം ഒരേ ഒരു കേസ് മാത്രമാണ് അന്വേഷണ ഘട്ടത്തിലുളളത്. പിൻവലിക്കാൻ അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകൾ മാത്രമാണ് തുടരുന്നത്. അപേക്ഷ കിട്ടുന്ന മുറയ്ക്ക് പിൻവലിക്കുമെന്നും പിണറായി വ്യക്തമാക്കി.