ലോട്ടറി അടിച്ച 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി, ബംഗാൾ സ്വദേശിയെ വിമാനത്തിൽ നാട്ടിലേക്ക് അയച്ച് പോലീസ്
തിരുവനന്തപുരം: ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ അടിച്ച് വാർത്തകളിൽ നിറഞ്ഞ ബംഗാൾ സ്വദേശി ബിർഷു റാബയെ സുരക്ഷിതനായി നാട്ടിൽ എത്തിച്ച് കേരള പൊലീസ്. ലോട്ടറി അടിച്ച പണം അക്കൗണ്ടിൽ എത്തിയതിന് പിന്നാലെയാണ് വിമാനത്തിൽ ബിർഷുവിനെ പശ്ചിമ ബംഗാളിലേക്ക് അയച്ചത്. തമ്പാനൂർ പൊലീസിന്റെ സഹായത്തിലായിരുന്നു കോടിപതിയുടെ യാത്ര.
കോടിപതിയായതോടെ സുരക്ഷ തേടി തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിർഷു റാബ എത്തിയത് അന്ന് വാർത്തയായിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു. ലൂലുമാളിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പൊലീസ് ഇടപെട്ട് അക്കൗണ്ട് എടുത്ത് നൽകി. കഴിഞ്ഞ ദിവസം ലോട്ടറി അടിച്ച തുകയിൽ നികുതി പണം കുറവ് ചെയ്തുള്ള 66 ലക്ഷം രൂപ അക്കൗണ്ടിലേക്ക് എത്തി. തുടർന്ന് പൊലീസ് ഇടപെട്ട് വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു സുരക്ഷിതമായി നാട്ടിലെത്തിയെന്നും ബന്ധുക്കൾക്ക് ഒപ്പം സുഖമായി ഇരിക്കുന്നതായും ബിർഷു റാബ പൊലീസിനെ അറിയിച്ചു. സംസ്ഥാനസർക്കാരിനും പൊലീസിനും നന്ദി അറിയിച്ചുള്ള വിഡിയോയും തമ്പാനൂർ സിഐക്ക് ബിർഷു റാബ അയച്ചു കൊടുത്തു.
തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ അഞ്ച് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം കിട്ടിയത്. ലോട്ടറി അടിച്ചതിന് പിന്നാലെ തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന പേടിയിലാണ് ബിർഷു പൊലീസ് സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റ് ബാങ്കിലോ ലോട്ടറി വകുപ്പിലോ ഏൽപിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം. തുടർന്ന് പൊലീസ് ബിഷ്ഷുവിന് താമസ സൗകര്യവും ഒരുക്കി നൽകി