
ലോകായുക്ത, ഉണ്ട വിരുന്നിന് നന്ദി കാട്ടി : കെ. സുധാകരൻ .
തിരുവനന്തപുരം: ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ രാജ്യത്തിനു മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്റെ കൈകള്‍ കൊണ്ടു തന്നെ ചെയ്തിരിക്കുകയാണ്. ഇതിൽ സി.പി.എമ്മിന് അഭിമാനിക്കാം. `ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി’ എന്ന ഉശിരന്‍ തിരുവാതിരപ്പാട്ടാണ് ലോകായുക്തയുടെ തിരുമുറ്റത്ത് അലയടിക്കുന്നതെന്ന് സുധാകരൻ വിമർശിച്ചു.

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ലോകായുക്ത നടത്തിയ അട്ടിമറികള്‍ തുടക്കം മുതലേ പ്രകടമാണ്. കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റി. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു മന്ത്രിസഭാ തീരുമാനം എന്ന മുടന്തന്‍ ന്യായം ഉന്നയിച്ച് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നൽകിയതിലെ അഴിമതിയില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടെന്നും കണ്ടെത്തിയാണ് 2019ല്‍ അന്നത്തെ ലോകായുക്ത കേസെടുത്തത്.
ഈ തീരുമാനത്തിനെതിരേ മുഖ്യമന്ത്രിയോ മന്ത്രിമാരോ അപ്പീല്‍പോലും നൽകിയില്ല. കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി