ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് ,ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം
ജനീവ: ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ രംഗത്ത്. ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. ഡെൽറ്റയും പുതിയ ഒമിക്രോൺ വകഭേദവും ചേരുമ്പോൾ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ചൂണ്ടികാട്ടി.
ഇപ്പോൾത്തന്നെ മന്ദഗതിയിൽ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമിക്രോൺ വകഭേദം വാക്സീൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.
അതേസമയം ഒമിക്രോൺ ഭീഷണി ശക്തമായതോടെ കേരളത്തിൽ നാളെ മുതൽ ജനുവരി രണ്ട് വരെ ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകമാക്കി സർക്കാർ. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിർദ്ദേശം. ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രി നിയന്ത്രണത്തിൽ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോൾ ആരാധനാലയങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളിൽ പുതുവത്സര പ്രാർത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണിൽ നിന്നും സംശയങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വ്യക്തത വരുത്തിയത്. മത-സാമുദായിക രാഷ്ട്രീയ സാംസ്ക്കാരിക കൂടിച്ചേരലുകൾക്കെല്ലാം നിയന്ത്രണം ബാധകമാണ്.
ഹോട്ടലുകൾ റസ്റ്റോറൻറുകൾ ബാറുകൾ ക്ലബുകൾ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കൻറ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ പുറത്തിറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയർ ആഘോങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്നുമാണ് നിർദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഒമിക്രോൺ കേസുകൾ കൂടുന്നുണ്ടെങ്കിലും രോഗികളിലാരും ഗുരുതരസ്ഥിതിയിലല്ലെന്നത് ആശ്വാസകരമാണ്