ലോക്ഡൗൺ, സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കി. സ്വാതന്ത്ര്യദിനത്തിൽ ഞായറാഴ്ച കടകൾ തുറക്കാം. . ടിപിആർ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) ഒഴിവാക്കി പ്രാദേശിക അടിസ്ഥാനത്തിൽ, രോഗവ്യാപന തോത് അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു.
ആരാധനാലയങ്ങളിൽ വിസ്തീർണം കണക്കാക്കി ആളുകൾ പങ്കെടുക്കണം. വലിയ വിസ്തീർണമുള്ള സ്ഥലങ്ങളിൽ പരമാവധി 40 പേര്‍. കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേർ. 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ആഴ്ചയിൽ ഉണ്ടായാൽ അവിടെ ട്രിപ്പിൾ ലോക്ഡൗൺ. മറ്റിടങ്ങളിൽ 6 ദിവസം കടകൾ തുറക്കാം. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല.
രാവിലെ 7 മുതൽ വൈകിട്ട് 9 വരെയാണ് സമയം. ഉത്സവകാലമായതിനാല്‍ ശാരീരിക അകലം പാലിക്കാൻ വ്യാപാര സ്ഥാപനങ്ങൾ നടപടിയെടുക്കണം. അകലം പാലിക്കാൻ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലായിരിക്കും കടയിലെ പ്രവേശനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രാദേശിക ഭരണകൂടങ്ങൾ യോഗം വിളിക്കും.
കടകളിലെത്തുന്നവർ ആദ്യ ഡോസ് വാക്സീൻ എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ എടുത്തവരോ, ഒരു മാസത്തിനു മുൻപു രോഗമുക്തി നേടിയവരോ ആകുന്നതാകും അഭികാമ്യം. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങുന്നതിനുള്ള അനുമതി നൽകും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ അകലം പാലിക്കാൻ നടപടിയെടുക്കും. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ലഭ്യത അനുസരിച്ച് വാക്സീൻ നൽകും. കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്സീൻ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ഊർജിതമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഒരു മാസം ഒരു കോടി പേർക്ക് വാക്സീൻ നൽകാൻ ആണ് ആലോചിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാരിൽ നിന്ന് കൃത്യമായി ഡോസുകൾ ലഭിച്ചാൽ ഇത് നൽകാനാകും
ഇതിനായി മുഖ്യമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇത് വരെ ടിപിആർ അടിസ്ഥാനപ്പെടുത്തി മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകൾ രൂപീകരിച്ചാണ് ഇത് വരെ ലോക്ക്ഡൗൺ നടപ്പാക്കി വന്നിരുന്നത്. അത് മാറ്റി, 1000-ത്തിൽ എത്ര പേർക്ക് കൊവിഡ് രോഗം വന്നെന്ന കണക്ക് പരിശോധിച്ച് നിയന്ത്രണങ്ങൾ മാറ്റി ക്രമീകരിക്കുമ്പോൾ ഏറെ വിമർശനങ്ങൾ കേട്ട ഒരു നിയന്ത്രണമോഡലാണ് മാറുന്നത്.
സംസ്ഥാനത്ത് മരണനിരക്ക് .5 ആണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യാ ശരാശരി 1.3 ശതമാനമാണ്. കേരളത്തിൽ ടെസ്റ്റ് പെർ മില്യൺ ഏഴ് ലക്ഷത്തോളമാണ്. ഇന്ത്യയിൽ ഇത് മൂന്ന് ലക്ഷത്തോളം മാത്രമാണ്. സംസ്ഥാനത്ത് ടിപിആർ 12 ശതമാനമാണ്. ദേശീയ തലത്തിൽ ഇത് ആറ് ശതമാനത്തോളമാണ്. കൊവിഡ് രണ്ടാം തരംഗം കേരളത്തിലെത്തിയത് വൈകി മാത്രമാണെന്നും രോഗികളുടെ എണ്ണം കൂടിത്തന്നെ നിൽക്കുന്നത് ഈ കാരണം കൊണ്ടാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു.