ലൈഫ് മിഷൻ തട്ടിപ്പ് ,സൂത്രധാരൻ മുഖ്യമന്ത്രി : അനിൽ അക്കര
തൃശ്ശൂര്‍ : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ച് തീരുമാനമെടുത്തത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗമെന്ന് അനിൽ അക്കര. ലൈഫ് മിഷൻ സിഇഒ യു വി ജോസ് അന്നത്തെ വകുപ്പുമന്ത്രിയുടെ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടും പുറത്തുവിട്ടു. മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നും തൃശൂർ ഡി സി സി യിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അനിൽ അക്കര വ്യക്തമാക്കി.
സിബിഐ അന്വേഷിക്കുന്ന വിദേശ സംഭവനാ നിയന്ത്രണ ചട്ട ലംഘത്തിൽ മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്നാണ് അനിൽ അക്കര ആവശ്യപ്പെടുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാടിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്നാണ് ആരോപണം. 2019 ജൂലൈ 11 ന്
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റെഡ് ക്രസന്റ് വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കാനുള്ള തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടും അനിൽ അക്കര പുറത്തുവിട്ടു.
ലൈഫ് മിഷൻ സിഇഒ യു വി ജോസ് അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ പ്രിൻസിപ്പിൽ സെക്രട്ടറിക്കയച്ച റിപ്പോർട്ടാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ .യു എ ഇ കോൺസിൽ ജനറൽ, റെഡ് ക്രസന്റ് ജനറൽ സെക്രട്ടറി എന്നിവരും സംബന്ധിച്ചു എന്നും അനിൽ അക്കര ആരോപിക്കുന്നു.
വിദേശ സംഭാവനാ നിയന്ത്രണ ചട്ടം ലംഘിച്ച മുഖ്യമന്ത്രിയെ പ്രതിയാക്കാൻ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കമെന്നും അനിൽ അക്കര പറഞ്ഞു. സിബിഐ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലുണ്ട്. യു വി ജോസിന്റെ റിപ്പോർട്ട് അടുത്ത ദിവസം തന്നെ കോടതിയിൽ സമർപ്പിക്കും.
അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് എടുത്ത കേസിലും കക്ഷിചേരുമെന്നും അനിൽ അക്കര അറിയിച്ചു. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. എന്നാൽ രേഖകൾ കേന്ദ്ര സർക്കാർ ഏജൻസികൾക്ക് കൈമാറണമെന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ ആവശ്യം അനിൽ അക്കര തള്ളി. വിശ്വാസം കോടതിയിലാണെന്നാണ് അനിൽ അക്കരയുടെ വാദം.