
എൽ എഫ് കോളേജിൽ നവീകരിച്ച ലൈബ്രറി ഉത്ഘാടനം

ഗുരുവായൂര്‍ : ലിറ്റിൽ ഫ്ളവർ കോളേജില്‍ വിജ്ഞാനത്തിന്റെ പുത്തന്‍ മേച്ചില്പുറങ്ങള് തുറന്ന് മൂന്ന് നിലകളിലായി ഡിജിറ്റലൈസ്ഡ് ലൈബ്രറി. അറിവിന്റെ ലോകത്തേക്ക് വിസ്മയകരമായ വാതായനങ്ങള്‍ തുറക്കുന്ന നവീകരിച്ച ലൈബ്രറി ഒക്ടോബര്‍ 10ന് രാവിലെ 10ന് കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്യും. വയലാര്‍ പുരസ്കാര ജേതാവ് ഇ. സന്തോഷ് കുമാര്‍ മുഖ്യപ്രഭാണം നടത്തും. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയാകും. ഫാ. ഡോ. ജോണ്‍ നീലങ്കാവില്‍ സന്ദേശം നല്‍കും. ഇന്നിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്, ഗവേഷണപരവും അക്കാദമികവുമായ ഒരു വായനസംസ്കാരത്തെ വളര്‍ത്താനും പരിപോഷിപ്പിക്കാനുമാണ് ലൈബ്രറി പുനക്രമീകരിച്ചു നവീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജെ. ബിന്‍സി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇവിടത്തെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉദ്ദേശിച്ചു മാത്രമല്ല, പുറത്തുനിന്നുള്ള ഗവേഷകരെയും വിദ്യാര്‍ത്ഥികളെയും കൂടി കണക്കിലെടുത്താണ് ലൈബ്രറി നവീകരിച്ചതെന്നും അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വളരെ ഉപകാരപ്രദമാകുന്ന ‘ഡിജിറ്റല്‍ വിങ്ങ് – സെര്‍ച്ച് ഡോം’ ഇതിനോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. ഇ- ജേണലുകളുടെയും ഇ-പുസ്തകങ്ങളുടെയും ഒരു വലിയ ശേഖരവുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ട് സ്വയം ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലൈബ്രറിയില്‍ പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സോഫ്റ്റ്വെയറുകളും, പോകാനും വരാനും ഇരുന്നു വായിക്കാനും കുറിപ്പ് തയ്യാറാക്കാനും ഉള്ള സൗകര്യങ്ങളും ഉണ്ട്.
ലൈബ്രറിയില്‍ ‘കോഹ’ സോഫ്റ്റ്വെയര് ആണ് ഉപയോഗിക്കുന്നതെന്ന് ലൈബ്രേറിയന്‍ സിസ്റ്റര്‍ ഡോ. ജോയ്സി പറഞ്ഞു. ഇതുവഴി വിദ്യാര്‍ഥികള്‍ അവര്‍ക്ക് വേണ്ട പുസ്തകങ്ങള്‍ തിരയുമ്പോള്‍ തന്നെ, അത് സൂക്ഷിച്ചിട്ടുള്ള ഇടവും മറ്റു വിവരങ്ങളും കൂടി ലഭിക്കും. 70,000 ത്തോളം പുസ്തകങ്ങളും നൂറിലേറെ ആനുകാലികങ്ങളും ലൈബ്രറിയില്‍ ഉണ്ടെന്നും ലൈബ്രേറിയന്‍ പറഞ്ഞു. അധ്യാപകര്‍ക്ക് വായനയ്ക്ക് വേണ്ട പ്രത്യേക ഇടവും സൗകര്യങ്ങളും ‘നോളേജ് പവലിയന്’ എന്ന പേരില്‍ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.

ലൈബ്രറിയുടെ നിശബ്ദതയില്‍ നിന്ന് പുറത്ത് കടന്ന് പച്ചപ്പാര്‍ന്ന പ്രകൃതിരമണീയമായ അന്തരീക്ഷത്തില്‍ വായിക്കാനും ചര്‍ച്ച ചെയ്യാനും ഗാര്ഡന് ലൈബ്രറിയും ഉണ്ട്. വിദ്യാര്‍ത്ഥികളുടെ മാധ്യമപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു സ്റ്റുഡിയോയും ലൈബ്രറിയുടെ ഭാഗമാണ്. മൂന്നു നിലകളില്‍ വിശാലമായ ഈ ലൈബ്രറിയുടെ താഴത്തെ നില പൊതുവായനയ്ക്കായി മാറ്റി വച്ചിരിക്കുന്നു. മുകളിലെ ഒന്നാം നിലയില്‍ അക്കാദമിക വായനയ്ക്കും ഗവേഷണത്തിനും ഉതകുന്ന പുസ്തകങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. രണ്ടാം നില വായനയ്ക്കൊപ്പം ചെറിയ ഗവേഷണ കൂട്ടായ്മകള്‍ക്കും ചര്‍ച്ച യോഗങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഒക്കെയായാണ് ക്രമീകരിച്ചിരിക്കുന്നത്.
കോളജിലെ ലൈബ്രറി നവീകരിച്ചതിനൊപ്പം ചാവക്കാട് താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിലും,ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പൂക്കോട് പ്രൈമറി ഹെല്‍ത്ത് സെന്ററിലും ‘വായന – ലൈബ്രറി അറ്റ് ഹോസ്പിറ്റല്‍’ എന്ന പേരില്‍ ഓരോ വായനശാലയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ ജെ. ബിന്‍സി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നിര്‍മല്‍ മരിയ, ഡോ. സിതാര കെ ഉറുമ്പില്‍, ഡോ സിസ്റ്റര്‍ ജോയ്സി, ഡോ ജൂലി ഡൊമിനിക്ക്, ഡോ. ജസ്റ്റിന് ജോര്‍ജ്, യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ അഞ്ജലി എസ്. നായര്‍, പി.ആര്.ഒ ഡോ. എ.പി അന്നം സിനി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.