കുതിരാരാൻ തുരങ്കത്തിൽ ചോർച്ച, പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് കമ്പനി
തൃശൂർ: കനത്തമഴയെത്തുടർന്ന് കുതിരാൻ തുരങ്കത്തിനുള്ളിൽ വെള്ളം ഊർന്നിറങ്ങി റോഡിൽ തെന്നിവീഴാതിരിക്കാൻ നടപടികളാരംഭിച്ചു. ഊർന്നിറങ്ങുന്ന വെള്ളവും ചെളിയും കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണിയുണ്ടാകാതിരിക്കാനാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. ചോർച്ചയുള്ള ഭാഗങ്ങളിൽ ഓരോ നാലുമണിക്കൂർ കൂടുമ്പോഴും വെള്ളം പൂർണമായും തുടച്ചുമാറ്റും.
രണ്ടാമത്തെ തുരങ്കത്തിൽ കമാനാകൃതിയിൽ ഉരുക്കുപാളികൾ ഘടിപ്പിച്ചു. കോൺക്രീറ്റിങ് പൂർത്തിയായിക്കഴിഞ്ഞാൽ ഒന്നാമത്തെ തുരങ്കത്തിലും സമാനമായ പണികൾ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ചോർച്ചയ്ക്ക് ശാശ്വതപരിഹാരമാകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
മദ്രാസ് ഐ.ഐ.ടി.യിൽനിന്നുള്ള വിദഗ്ധസംഘം കുതിരാനിൽ പരിശോധന നടത്തിയശേഷം അവരുടെ നിർദേശപ്രകാരം മലമുകളിൽനിന്ന് കിനിഞ്ഞിറങ്ങുന്ന വെള്ളം വിവിധ സ്ഥലങ്ങളിൽ ദ്വാരങ്ങൾ നിർമിച്ച് പൈപ്പ് ഘടിപ്പിച്ച് അഴുക്കുചാലിൽ എത്തിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സുരക്ഷയെപ്പറ്റി ആശങ്കയില്ലെന്ന് ദേശീയപാത അധികൃതരെ അറിയിച്ചതായും കമ്പനിവക്താക്കൾ പറഞ്ഞു.
രണ്ടാമത്തെ തുരങ്കത്തിൽ ഉരുക്കുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റിങ് നടത്തുന്ന പണികൾ 95 മീറ്റർ മാത്രമാണ് ബാക്കിയുള്ളത്. ഒരുമാസത്തിനുള്ളിൽ പൂർത്തിയാകും. എന്നാൽ, നിരന്തരം വെള്ളം ഊർന്നിറങ്ങുന്നത് തുരങ്കത്തിന്റെ ബലത്തിന് ഭീഷണിയാകുമോയെന്നതിൽ വിദഗ്ധപരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കുഭാഗത്ത് ഷോർട്ട് കോൺക്രീറ്റിങ് നടത്തി മലയുറപ്പിച്ച ഭാഗത്തിന്റെ ഒരിടത്ത് കോൺക്രീറ്റ് അടർന്നതും ചെറിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കമ്പനിയുടെ വിദഗ്ധതൊഴിലാളികൾ നിലവിൽ കുതിരാനിൽത്തന്നെയുള്ളതിനാൽ അടിയന്തരസാഹചര്യങ്ങളുണ്ടായാൽപോലും ആശങ്കപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു.