അഞ്ചങ്ങാടിയിലെ കുത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാക്കളുടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിക്കൊടുവില്‍ നടന്ന കുത്ത് കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. കടപ്പുറം അഞ്ചങ്ങാടി കൊട്ടിലങ്ങ് വീട്ടില്‍ മുഹമ്മദ് അന്‍സാറി(21)നെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.വിമല്‍, സബ് ഇന്‍സ്‌പെക്ടര്‍ വിജിത് കെ.വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കൃത്യത്തിന് ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അഞ്ചങ്ങാടി ബാങ്കിനു മുന്‍വശത്ത് ഇരിക്കുകയായിരുന്ന കടപ്പുറം ഇരട്ടപ്പുഴ ചക്കര വീട്ടില്‍ മുഹമ്മദ് ഉവൈസ്(21), കടപ്പുറം അഞ്ചങ്ങാടി പുതുവീട്ടില്‍ സാലിഹ്(20)എന്നിവര്‍ക്കാണ് ഇരുമ്പ് വടികൊണ്ടും സി ഹുക്ക് കൊണ്ടുമുളള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. സ്‌കൂള്‍ വളപ്പില്‍ ലഹരി ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കേസിലെ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹംദ്, നൌഫല്‍, സുജിത്, പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.