header 4

അനുപമയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയവർക്കെതിരെ എന്ത് നടപടി എടുത്തു : വി ഡി സതീശൻ

തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ ശിശുക്ഷേമ സമിതിയിലും സി.ഡബ്ല്യു.സിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ഈ ക്രൂരതക്കും നിയമ വരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയവരും കൂട്ടുനിന്നവരും മാത്രമല്ല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ചവരും ശിക്ഷിക്കപ്പെടണം. ഏതു കുഞ്ഞിനെയും വില്‍പനയ്ക്കു വയ്ക്കാമെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.

Astrologer

കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികള്‍ക്കും വിഷമം ഉണ്ടാക്കിക്കൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു.സി.ഡബ്ല്യു.സിയിലും ശിശുക്ഷേമസമിതിയിലും നടക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കണം. എല്ലാം പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങള്‍ വിവാദമാക്കിയപ്പോള്‍ മാത്രമാണ് പ്രതികരിക്കാന്‍ തയാറായത്

പാര്‍ട്ടി ജില്ലാ കമ്മിറ്റി ചേര്‍ന്ന് കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ പാര്‍ട്ടി എങ്ങനെയാണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നടപടിക്രമങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തി അമ്മ കുഞ്ഞിനെ അന്വേഷിച്ച് നടക്കുമ്പോഴാണ് ദത്തു നല്‍കിയത്. കുഞ്ഞിനെ കേരളത്തില്‍ നിന്നും കടത്താന്‍ പാര്‍ട്ടിയാണ് തീരുമാനിച്ചത്. എന്ത് ഇടതുപക്ഷ സ്വഭാവമാണ് ഇവര്‍ക്കുള്ളത്? വലതുപക്ഷ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കുഞ്ഞിന്റെ കാര്യത്തില്‍ എടുത്ത നടപടി മാത്രം പരിശോധിച്ചാല്‍ മതി അവരുടെ പുരോഗമന നിലപാട് വ്യക്തമാകാന്‍. കേരളത്തിലെ സി.പി.എമ്മിന് ജീര്‍ണത സംഭവിച്ചിരിക്കുകയാണ്. വിഷയത്തില്‍ പുരോഗമനപരമായ നിലപാടാണ് പ്രതിപക്ഷം നിയമസഭയ്ക്കുള്ളിലും പുറത്തും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയെന്നാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധന ഫലം.. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഡിഎന്‍എ ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ സിഡബ്ല്യുസി സ്വീകരിക്കും. പരിശോധനാഫലത്തിന്റെ വിവരങ്ങൾ കോടതിക്ക് കൈമാറും.

അതേസമയം, അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്.
കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്ന വിഷയത്തില്‍ ശിശുക്ഷേമ സമിതി തെളിവു നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്ന ആരോപണവുമായി അനുപമ രംഗത്ത് വന്നിരുന്നു. ഡിഎന്‍എ പരിശോധന ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയെങ്കിലും അത് നടപ്പായില്ല. സിസിടിവി ദൃശ്യങ്ങളില്‍ വിശ്വാസ്യതയില്ല. കുറ്റക്കാരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു. വകുപ്പുതല അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘കേസില്‍ വകുപ്പ് തല അന്വേഷണത്തില്‍ വിശ്വാസമില്ല. ഷിജു ഖാന്‍ അടക്കമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നു. അതുകൊണ്ട് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെങ്കിലും ഇതില്‍ വിശ്വാസമില്ല’ – അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സ് ഉണ്ടെങ്കില്‍ കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല എന്നും അനുപമ ചോദിച്ചു.