മഹാകവി കുമാരനാശാന്റെ മരണം , അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം
തിരുവനന്തപുരം: കവി കുമാരാനാശാന്‍ ഉള്‍പ്പെടെ 24 പേരുടെ മരണത്തിന് കാരണമായ റഡീമര്‍ ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
1924 ജനുവരി 16നായിരുന്നു ബോട്ടപകടമുണ്ടായത്. അടുത്ത വര്‍ഷം ജനുവരിയില്‍ 100 വര്‍ഷം തികയും. 2023 കുമാരാനാശാന്റെ 150ാം ജന്മവാര്‍ഷികമായി ആഘോഷിക്കുന്ന വേളയിലാണ് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതി യോഗം പ്രമേയത്തിലൂടെ ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നില്‍ വെച്ചത്.
പ്രമേയത്തിന്റെ പൂര്‍ണരൂപം
2023 മഹാകവി കുമരനാശാന്റെ 150-ാം ജന്മവാര്‍ഷികമാണ്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തോന്നയ്ക്കലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. എന്നാല്‍ കുമാരനാശാന്റെ അകാലനിര്യാണത്തിനിടയാക്കിയ റഡീമര്‍ ബോട്ടപകടത്തെക്കുറിച്ച് അന്നുമുതല്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ ഇപ്പോഴും ദുരികരിക്കപ്പെട്ടിട്ടില്ല. 1924 ജനുവരി 16നാണ് ആ ദാരുണസംഭവമുണ്ടായത്. കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേര്‍ മരിച്ച ആ ദുരന്തത്തിന് അടുത്തവര്‍ഷം ജനുവരിയില്‍ നൂറ് വര്‍ഷം തികയും.
റഡീമര്‍ ബോട്ടപകടത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു. അന്നത്തെ പോലീസ് കമ്മീഷണറും, റിട്ടയേഡ് ഹൈക്കോടതി ജസ്റ്റിസും ചീഫ് എന്‍ജീനീയറും മറ്റ് രണ്ട് പ്രമുഖ അഭിഭാഷകരും അടങ്ങിയ അഞ്ചംഗ കമ്മറ്റിയായിരുന്നു അന്വേഷിച്ചത്. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന 47 പേരടക്കം 83 സാക്ഷികളെ വിസ്തരിച്ച് രണ്ട് മാസത്തിനകം കമ്മീഷണര്‍ അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ ആ റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപത്തില്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
1979 ഡിസംബര്‍ ലക്കം കേരള ആര്‍ക്കൈവ്സ് ന്യൂസ് ലെറ്ററില്‍ അതിന്റെ എഡിറ്റോറിയല്‍ ചുമതലയുണ്ടായിരുന്ന ഡോ.ഇബ്രാഹിം കുഞ്ഞ് ഈ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് എതാനും ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. അതിനെഴുതിയ കുറിപ്പില്‍ ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം, സര്‍ക്കാരുമായി ബന്ധപ്പെട്ട പഴയ രേഖകള്‍ സൂക്ഷിക്കുന്ന സെക്രട്ടറിയേറ്റ് സെല്ലാറില്‍ 21035/ ER6/79/GAD dated 22-02-1979 എന്ന നമ്ബറുള്ള ഫയലില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുന്നു.
മഹാകവി കുമാരനാശാന്റെ മരണത്തെക്കുറിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന ആശങ്കകളും സംശ യങ്ങളും ഇല്ലാതാക്കാന്‍ കേരള സെക്രട്ടറിയേറ്റ് സെല്ലാറില്‍ സൂക്ഷിച്ചിട്ടുള്ള റഡീമര്‍ ബോട്ടപകട അന്വേഷണറിപ്പോര്‍ട്ട് പൂര്‍ണ്ണ രൂപത്തില്‍ സാക്ഷിമൊഴികളടക്കം കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷിക സമയത്ത് പ്രസിദ്ധീകരിക്കണമെന്ന് 18-03-2023 ന് തിരുവനന്തപുരം സംസ്കൃതി ഭവനില്‍ കൂടിയ ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാനസമിതിയോഗം കേരളസര്‍ക്കാ രിനോട് ആവശ്യപ്പെടുന്നു.