കെ എസ് ആർ ടി സി യെ തകർക്കാൻ ചിലർ ശ്രമിക്കുന്നു : എംഡി ബിജു പ്രഭാകർ
തിരുവനന്തപുരം: കെഎസ്ആർടിസിയേയും എംഡിയേയും തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നു സിഎംഡി ബിജു പ്രഭാകർ ഐഎഎസ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹത്തിന്റെ രൂക്ഷമായ പ്രതികരണം. സ്ഥാപനത്തെ സിഎംഎഡി നല്ല രീതിയിൽ കൊണ്ടു പോയാൽ ചിലരുടെ അജണ്ട നടക്കില്ല. അതിനായി സ്ഥാപനത്തെ തകർക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
അഞ്ച് ഭാഗങ്ങളായി കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ യുട്യൂബിലൂടെ അവതരിപ്പിക്കാനാണ് എംഡി ശ്രമിക്കുന്നത്
ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ല. എല്ലാ നഷ്ടങ്ങൾക്കും സർക്കാർ പണം നൽകണമെന്നു പറയാനാകില്ലെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി
തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ചു ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ താൻ നടപടി സ്വീകരിച്ചില്ല. സമരം ചെയ്ത യൂണിയനുകൾക്കെതിരേയും നടപടി സ്വീകരിച്ചില്ല.
കെഎസ്ആർടിസി എന്തു വന്നാലും നന്നാക്കണം എന്നാണ് സർക്കാർ നിലപാട്. പൈസ കൈയിൽ വച്ചിട്ട് ശമ്പളം നൽകാത്തതല്ലെന്നു എല്ലാവരും മനസിലാക്കണമെന്നു അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിച്ചു വിമർശിക്കരുതെന്നും ബിജു പ്രഭാകർ വീഡിയോയിൽ വ്യക്തമാക്കി. വരുമാനത്തിൽ നിന്നു ശമ്പളം കൊടുത്ത ശേഷം ബാക്കി ചെലവുകൾ നാക്കിയാൽ പോരെ എന്നാൽ ചിലർ വാദിക്കുന്നത്. ഡീസലടിച്ചാലേ വണ്ടി ഓടു. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാൻ പൈസ കിട്ടു. ഡിഡി നേരത്തെ കൊടുത്താൽ മാത്രമേ ഡീസൽ കിട്ടു.
200 കോടി രൂപ പ്രതിമാസ വരുമാനമുണ്ടെങ്കിൽ 50 കോടി രൂപ ഡീസലിനു പോകും. ബാങ്കിലെ ലോൺ തിരിച്ചടവു 30 കോടി രൂപയാണ്. അഞ്ച് കോടി രൂപ ബാറ്റയ്ക്കായി പോകും. സ്പെയർപാട്സും മറ്റു ചിലവുകളും ചേർത്തു 25 കോടി രൂപ വേണം. ശേഷിക്കുന്ന 40 കോടി രൂപയാണ്. ശമ്പളത്തിനു 91.92 കോടി രൂപയാണ് പ്രതിമാസം വേണ്ടത്. സർക്കാർ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാൻ സാധിക്കു.
താൻ സിഎംഡിയായിട്ടു ജൂണിൽ മൂന്ന് വർഷമാകുന്നു. ട്രാൻസ്പോർട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരു ഉദ്യോഗസ്ഥൻ പ്രവർത്തിക്കുന്നത് ആദ്യമാണ്. കെഎസ്ആർടിസിയെ മുന്നോട്ടു നയിക്കാൻ എല്ലാവരുടേയും പിന്തുണ വേണം ബിജു പ്രഭാകർ കൂട്ടിച്ചേർത്തു