ക്ഷേത്രങ്ങളിൽ നിന്ന് ജാതീയതയെ പുറത്തു കടത്തണം : മന്ത്രി . കെ രാധാകൃഷ്ണൻ.
ഗുരുവായൂർ : ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ജാതീയ അംശങ്ങളെ ഇല്ലാതാക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇതിനു വിവാദം വേണ്ട സംവാദം മതി അദ്ദേഹം കൂട്ടിച്ചേർത്തു
ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാര സമർപ്പണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ക്ഷേത്രങ്ങളിൽ നിന്ന് ജാതീയതയെ പുറത്തു കടത്തണം. ഇതിനായി ഒരു കൂട്ടായ പരിശ്രമം ഉണ്ടാക്കിയെടുക്കണം. സർക്കാർ ഇതിനു പൂർണ പിന്തുണ നൽകും. . ഗുരുവായൂർ ദേവസ്വം ഒഴിച്ചുള്ള നാല് ദേവസ്വം ബോർഡുകളും കോവിഡിനെ തുടർന്ന് വരുമാനമില്ലാതെ ദൈന്യം ദിന കാര്യങ്ങൾക്ക് വരെ ബുദ്ധിമുട്ടുകയാണ് .ഏറ്റവും സമ്പത്തുള്ള പത്മനാഭ സ്വാമി ക്ഷേത്രം പോലും സർക്കാരിനോട് കടമായി പണം ആവശ്യപ്പെട്ടുകയാണ്. എല്ലാകാലത്തും സർക്കാരിന് സഹായം നൽകാൻ കഴിയില്ല . ക്ഷേത്രങ്ങൾ ഇനിയുള്ള കാലം വഴിപാടിതര വരുമാനവും കണ്ടെത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ക്ഷേത്രങ്ങളിൽ തുടങ്ങിവച്ച നിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം പാടില്ല. ഇത്തരം കാര്യങ്ങൾക്ക് സർക്കാർ ഫണ്ട് യഥാസമയം അനുവദിച്ചു നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ ടെമ്പിൾ സിറ്റി ആക്കി ഗുരുവായൂരിനെ മാറ്റി എടുക്കണം , അതിന് അടിസ്ഥാന വികസനം നടപ്പാക്കണം . ഗുരുവായൂരിൽ ദേവസ്വത്തിന്റ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി യാഥാർഥ്യമാക്കും , തിരുത്തിക്കാട്ട് പറമ്പിലെ 13 ഏക്കർ സ്ഥലത്താണ് ആശുപത്രി യാഥാർഥ്യ മാക്കുക ഇവിടേക്കുള്ള റോഡ് വീതി കൂട്ടാനും നടപടി ഉണ്ടാകും
തമിഴ് നാട്ടിൽ വനിതകളെ ക്ഷേത്ര പൂജാരികൾ ആക്കിയിട്ടുണ്ട് അത് പോലെ കേരളത്തിൽ എന്തുകൊണ്ട് ആക്കുന്നില്ല , ശബരിമലയിൽ മലയാളി ബ്രാഹ്മണൻ പൂജാരി ആക്കണം എന്നാണ് കീഴ് വഴക്കം അത് ഭരണ ഘടനാ വിരുദ്ധമല്ലേ എന്നാണ് ചോദ്യം , ഇത് അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്നമായി തനിക്കും സർക്കാരിനും തോന്നിയിട്ടില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു .
ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷത വഹിച്ചു. എൻ കെ അക്ബർ എംഎൽഎ വിശിഷ്ടാതിഥിയായി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഭരണസമിതി അംഗങ്ങളായ മുൻ എംഎൽഎ കെ അജിത്ത്, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ടി ബ്രീജാകുമാരി, പുരസ്ക്കാര നിർണയ കമ്മിറ്റി അംഗം വി മുരളി തുടങ്ങിയവർ പങ്കെടുത്തു.
തുള്ളൽ കലയിൽ നിസ്തുല സംഭാവനകൾ നൽകിയ ഓട്ടംതുള്ളൽ കലാകാരനായ മണലൂർ ഗോപിനാഥന് 2021ലെ ക്ഷേത്രകലാ പുരസ്കാരം മന്ത്രി സമ്മാനിച്ചു. 55,555 രൂപയും ഗുരുവായൂരപ്പന്റെ 10 ഗ്രാം സ്വർണ പതക്കവും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം.
കിഴക്കേനടയിൽ പുതുതായി പണിയുന്ന കച്ചവട സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനവും നടന്നു. 29 കോടി രൂപ ചെലവഴിച്ചാണ് കച്ചവട സമുച്ചയം നിർമിക്കുന്നത്. കൂടാതെ കേരളത്തിലെ ആയിരം ക്ഷേത്രങ്ങൾക്ക് 10,000 രൂപ വീതം ധനസഹായ വിതരണം, ‘അഖിലം മധുരം’ എന്ന ഗുരുവായൂരിന്റെ ഇതിഹാസ ഡോക്യുമെന്ററിയുടെ ശീർഷകഗാന പ്രകാശനം, കിഴക്കേനടയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കി നവീകരിച്ച കെട്ടിടം ഭക്തജനങ്ങൾക്ക് സൗജന്യ ഉപയോഗത്തിനായി സമർപ്പിക്കൽ, 150 സ്കൂൾ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസ് വിതരണം, , കൗസ്തുഭം കോമ്പൗണ്ടിലെ നവീകരിച്ച അതിഥി മന്ദിരത്തിന്റെ ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു.