ഹർത്താൽ അനുകൂലികൾ ക്ഷീണം തീർക്കാൻ എത്തിയത് നൈനാൻ വളപ്പിൽ
കോഴിക്കോട്: നൈനാംവളപ്പ് ഇത്തവണയും ഹര്‍ത്താലില്‍ നിന്നും വിട്ടു നിന്നു. പോപ്പുലര്‍ ഫണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് നൈനാംവളപ്പില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. അഞ്ച് പതിറ്റാണ്ടു മുമ്പ് ഒരു ബന്ദ് ദിനത്തില്‍ പ്രദേശവാസികള്‍ റുഹാനി അബൂബക്കറിന്റെ ചൂടുചായ കുടിച്ചു എടുത്ത തീരുമാനത്തിനാണ് ഇന്നും മാറ്റം വരാത്തത്. പല സംഘടനകളും ഒറ്റയ്ക്കും കൂട്ടായും ബന്ദും ഹര്‍ത്താലും നടത്തിയെങ്കിലും അതൊന്നും നൈനാംവളപ്പിനെ ബാധിച്ചിട്ടില്ല.
അഞ്ച് പതിറ്റാണ്ടു മുമ്പ് റുഹാനി അബൂബക്കര്‍ എന്നൊരാള്‍ ബന്ദ് ദിനത്തില്‍ ചായക്കട തുറന്നു. തുടര്‍ന്ന് പള്ളിക്കണ്ടി ബിച്ചമ്മിന്റെ നേതൃത്വത്തില്‍ ബന്ദ് അനുകൂലികള്‍ കട പൂട്ടാന്‍ എത്തി. പിന്നാലെ ഇവരെ തടയാന്‍ പൗരപ്രമുഖന്‍ എന്‍.പി ഇമ്പിച്ചമ്മദും രംഗത്തെത്തി. ബിച്ചമ്മദിന്റെ ജ്യേഷ്ഠ സഹോദരന്‍ ഹംസക്കോയ കൂടി വന്നതോടെ വാക്കേറ്റമായി. അദ്ദേഹം ബിച്ചമ്മദിന്റെ മുഖത്ത് ഒന്ന് പൊട്ടിച്ചു. ഇതോടെ കട പൂട്ടിക്കാന്‍ വന്ന എല്ലാവരും പിരിഞ്ഞു പോയി. അതിനു ശേഷമാണ് ഇവിടെ ബന്ദും ഹര്‍ത്താലും വേണ്ടെന്ന തീരുമാനം എടുത്തത്.
പിന്നീട് ഒരു ബന്ദ് ദിനത്തില്‍ കടകള്‍ തുറക്കരുതെന്നും കടലില്‍ പോകരുതെന്നും നൈനാംവളപ്പ് സ്വദേശികളോട് ബന്ദ് അനുകൂലികള്‍ പറഞ്ഞു. എന്നാല്‍ ആളുകള്‍ കടകള്‍ തുറക്കുകയും മത്സ്യബന്ധനത്തിനു പോകുകയും ചെയ്തു. ഇതിനെതിരെ വന്‍ പ്രകടനമായി ബന്ദ് അനുകൂലികള്‍ വന്നു. അനുകൂലികള്‍ക്കെതിരെ പ്രദേശവാസികള്‍ രംഗത്ത് വന്നതോടെ പ്രകടനം വഴി മാറി പോയി. ഹര്‍ത്താല്‍ നടത്തുന്നവര്‍ ക്ഷീണം മാറ്റാനായി ഇപ്പോള്‍ നൈനാംവളപ്പിലെ ഹോട്ടലുകളിലും കടകളിലുമാണ് പോകുന്നത്. ഈ ഹര്‍ത്താലിനും സാധാരണപോലെ ഹോട്ടലുകളും കടകളും തുറന്നു. നല്ല തിരക്കാണ് കടകളില്‍ അനുഭവപ്പെട്ടത്. ഹോട്ടലുകളില്‍ പല ഭാഗത്തു നിന്നും ആളുകളെത്തി. പ്രദേശവാസികള്‍ക്കു ചായ കുടിക്കാന്‍ പോലും സ്ഥലം കിട്ടാത്ത സ്ഥിതിയായിരുന്നു.