കൃഷ്ണനാട്ടം കലാകാരൻ ഉണ്ണികൃഷ്ണന് യാത്രയയപ്പ് നൽകി
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കളിയോഗത്തിൽ നിന്നും 45 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തീകരിച്ച് വിരമിക്കുന്ന ചുട്ടി ആശാൻ കെ.ടി.ഉണ്ണികൃഷ്ണന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി. ശ്രീവത്സം അനക്സിൽ വെച്ച് ചേർന്ന സമ്മേളനം ഗുരുവായൂർദേവസ്വം എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റ് നാരായണൻ ഉണ്ണി ഇ.കെ ഉദ്ഘാടനം ചെയ്തു. എം.എൻ.രാജീവ് അദ്ധ്യക്ഷത വഹിച്ചു.പി.ഡി.ഇന്ദുലാൽ,ഇ.രാജു,സി.രാജൻ,ടി.എൻ.ബിന്ദു,പ്രമോദ് കളരിക്കൽ,കെ.ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു.കെ.ടി.ഉണ്ണികൃഷ്ണൻ മറുമൊഴി നടത്തി.
യൂണിയൻ സെക്രട്ടറി രമേശൻ.കെ സ്വാഗതവും ജോ:സെക്രട്ടറി കെ.വി.വൈശാഖ് നന്ദിയും പറഞ്ഞു.മികച്ച കൃഷ്ണനാട്ടം കലാകാരന് ഗുരുവായൂർ ദേവസ്വം നൽകിവരുന്ന മാനവേദ സ്മാരക സുവർണ്ണ മുദ്ര പുരസ്കാരം 2021ൽ കെ.ടി.ഉണ്ണികൃഷ്ണന് ലഭിച്ചിട്ടുണ്ട്.കർമ്മഭൂമി എന്ന നോവലും,കന്യാകുമാരിയിലെ ഉദയം എന്ന കഥാസമാഹാരവും രചനകളായി പുറത്തിറങ്ങിയിട്ടുണ്ട്.സായാഹ്നത്തിലെ തിരിച്ചറിവുകൾ എന്ന കഥ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു.