കോട്ടയത്ത് പാറമടക്കുളത്തിലേക്കു ലോറി വീണു കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

കോട്ടയം : മറിയപ്പള്ളിയില്‍ ലോറി പാറമടക്കുളത്തിലേക്കു വീണു കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ലോറി കുളത്തില്‍ നിന്നു പുറത്തെടുത്തപ്പോഴാണ് ഡ്രൈവറുടെ മൃതദേഹം ലഭിച്ചത്. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്‌എസ് ഭവനില്‍ ബി.അജികുമാര്‍ (48) ആണ് മരിച്ചത്. പാറമടക്കുളത്തില്‍ മുങ്ങിയ ലോറി ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ രണ്ടു ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.


മന്ത്രി വി.എന്‍.വാസവന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പി.കെ.ജയശ്രീ, നഗരസഭ ചെയര്‍പഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പാറക്കുളത്തിനു സമീപത്തെ ഇടുങ്ങിയ റോഡ്, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു സമീപത്തെ മതില്‍ ഇടിച്ചു വഴി വലുതാക്കി. തുടര്‍ന്നു ക്രെയിന്‍ ഉപയോഗിച്ചാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചെളിയും ലോറിയുടെ ഭാരവും കാരണം ക്രെയിന്‍ ഉപയോഗിക്കുന്ന വടം പലതവണ പൊട്ടി.

വെള്ളിയാഴ്ച രാത്രി 9.15നു മുട്ടം പാറമടക്കുളത്തിലാണു 10 ടണ്ണോളം വളം കയറ്റിവന്ന ലോറി വീണത്. പുലര്‍ച്ചെ 12.30ന് അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ലോറി കണ്ടെത്തിയെങ്കിലും ഒരു ക്രെയിന്‍ ഉപയോഗിച്ച്‌ ലോറി ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്നും ഉറപ്പാക്കാനായിരുന്നില്ല.പ്രദേശത്തെ വളം ഡിപ്പോയില്‍ നിന്നു യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാടിലേക്കു പോവുകയായിരുന്നു ലോറി. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയില്‍ വീഴുകയായിരുന്നു.

ഡ്രൈവര്‍ മാത്രമേ ലോറിയില്‍ ഉണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ട സമീപവാസികളാണ് അപകടം ആദ്യം അറിഞ്ഞത്. ചിങ്ങവനം പൊലീസും അഗ്‌നിരക്ഷാ സേനയും എത്തിയപ്പോഴേക്കും ലോറി താഴ്ചയിലേക്കു പോയി. അഗ്‌നിരക്ഷാ സേന റബര്‍ ഡിങ്കിയുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചില്‍ നടത്തി. ചെളിയും പുല്ലും നിറഞ്ഞ നിലയിലുള്ള കുളത്തിന്റെ ആഴം അളക്കാനുള്ള ശ്രമവും നടന്നു. ലോറി ഉയര്‍ത്തുന്നതിനായി ക്രെയിന്‍ എത്തിച്ചു. സംഭവം അറിഞ്ഞ് ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.ആര്‍.ജിജു, എസ്‌ഐ ജോണ്‍സണ്‍ എന്നിവരും എത്തി. വൈകിട്ട് 5നു ലോഡ് കയറ്റാന്‍ എത്തിയ ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നുവെന്ന് ഏജന്‍സി ഉടമ എം.ആര്‍.രാജേന്ദ്രക്കുറുപ്പ് പറഞ്ഞു.