ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി.
ഗുരുവായൂര്‍∙ ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. വൈകീട്ട് മൂന്നു മണിക്ക് ആന ഊട്ടിനായി കെട്ട് തറയിൽ നിന്നുമഴിച്ചു കൊണ്ട് വരുന്നതിനിടെയാണ് ആന അനുസരണക്കേട് കാട്ടിയത്. ആന പാപ്പാന്മാർ പറയുന്നത് അനുസരിക്കാതെ വരുന്നത് കണ്ട് ആനക്കോട്ട സന്ദർശിക്കാൻ എത്തിയ സ്‌കൂൾ വിദ്യാർഥികൾ ഒച്ച വെച്ചു .
ഇതോടെ കൊമ്പൻ പുറത്തേക്ക് നടന്ന് ആനക്കോട്ടയുടെ ഗേറ്റ് തള്ളി തുറന്ന് റോഡിലേക്ക് ഇറങ്ങിയത് ഒരു നായയുടെ മുന്നിലേക്കാണ്. നായയെ കണ്ട ആന ഓട്ടം തുടങ്ങി പിന്നാലെ പാപ്പാന്മാരും ഓടി .ആന വരുന്നത് കണ്ട് ആളുകൾ ഓടി മാറിയതോടെ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല തമ്പുരാൻ പടി സെന്റർ കഴിഞ്ഞു വടക്കേകാട് റോഡിലേക്ക് കടന്ന് കൊമ്പൻ ഓട്ടം അവസാനിപ്പിച്ചു . ചട്ടക്കാരൻ എൻ പി ഗണേഷ് കുമാർ ( സുന്ദരൻ )സഹായികളായ ബാലസുബ്രമണ്യൻ , വി കെ പ്രേമൻ എന്നിവർ ചേർന്ന് ആനയെ വരുതിയിലാക്കി തിരികെ കൊണ്ട് വരുന്ന വഴിയിൽ കാവീട് റോഡ് എത്തിയപ്പോൾ റോഡിൽ തന്നെ ആന നിലയുറപ്പിച്ചു .
തുടർന്ന് സമീപത്തെ തെങ്ങിൽ തളച്ചകൊമ്പനെ ശര്ക്കരയും പഴവും നൽകി അനുസരണ ഉള്ളവനാക്കി ആനക്കോട്ടയിലേക്ക് തിരികെ കൊണ്ടു പോയി . പത്ത് ദിവസം മുൻപാണ് കൊമ്പനെ നീരിൽ നിന്നും അഴിച്ചത് അന്നുമുതൽ ആനയൂട്ട് നൽകി വരുന്നുണ്ട് . സംഭവം അറിഞ്ഞ് അഡിമിസ്ട്രെറ്റർ കെ പി വിനയൻ ആനക്കോട്ട ഡി എ മായാദേവി എന്നിവർ സ്ഥലത്ത് എത്തി ടെമ്പിൾ സി ഐ പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഗതാഗതം നിയന്ത്രിച്ചു