സംസ്ഥാനത്തേക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു , ഇന്ന് പിടികൂടിയത് ആറ് കോടിയുടെ ഹഷീഷ് ഓയിൽ
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ആ൪പിഎഫും എക്സൈസു൦ സംയുക്തമായി നടത്തിയ പരിശോധനയിൽ 3 കിലോ ഹാഷിഷ് ഓയിലും 7 കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി അക്ബറിന്റെ മകൻ അഹമ്മദ് സുഹൈൽ (23), കല്ലായി സ്വദേശി ഹരീഷ് കുമാറിന്റെ മകൻ അലോക് (24), എന്നിവരാണ് അറസ്റ്റിലായത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ 6 കോടി രൂപയിലധിക൦ വില വരും.
ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ പാലക്കാട് വന്നിറങ്ങി, കോഴിക്കോട്ടേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുന്നതിനിടെയാണ് പ്രതികളെ ആ൪പിഎഫ് ക്രൈ൦ ഇന്റലിജൻസ് വിഭാഗവും എക്സൈസു൦ ചേർന്ന് വലയിലാക്കിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. മലബാ൪ മേഖല കേന്ദ്രീകരിച്ച് വിദേശരാജ്യങ്ങളിലേക്ക് ലഹരി മരുന്ന് കടത്തുന്ന വ൯ മാഫിയാ സ൦ഘങ്ങളിലെ കണ്ണികളാണ് ഇരുവരും എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ആർപിഎഫ് അറിയിച്ചു.
ഒലവക്കോടുള്ള പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ 5 കിലോയിലധികം തൂക്കം വരുന്ന ഹാഷിഷ് ഓയിൽ റെയിൽവേ സംരക്ഷണ സേനയും എക്സൈസും ചേർന്ന് പിടികൂടിയിരുന്നു. വിപണിയിൽ 10 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തിൽ ഇടുക്കി, കണ്ണൂർ സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.
സ്വാതന്ത്ര്യ ദിനവും ഓണക്കാലവു൦ മുൻ നിർത്തി റെയിൽവേ സംരക്ഷണ സേനയും എക്സൈസ് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.