
കരിക്കുമായെത്തിയ കിട്ടയുടെ അനന്തരാവകാശികൾക്ക് വരവേൽപ്പ്

ഗുരുവായൂർ : ആറാട്ട് ദിനത്തിൽ ശ്രീഗുരുവായൂരപ്പന് ഇളനീർ അഭിഷേകത്തിനുള്ള കരിക്കുമായെത്തിയ ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ കുടുംബാംഗങ്ങൾക്ക് ദേവസ്വം നേതൃത്വത്തിൽ വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു സ്വീകരണം. ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവർ ചേർന്ന് നിലവിളക്കിൽ തിരി തെളിച്ചു.

കിട്ടയുടെ അനന്തരാവശി കുടുംബത്തിലെ മുതിർന്ന അംഗം സുബ്രഹ്മണ്യനെ മാലയിട്ട് ക്ഷേത്രത്തിലേക്ക് ദേവസ്വം ഭരണസമിതി അംഗങ്ങൾ ആനയിച്ചു. കിട്ടയുടെ കുടുംബാംഗങ്ങളായ പത്തിലേറെ പേരാണ് ഇളനീരഭിഷേകത്തിനുള്ള കരിക്കുമായെത്തിയത്. ദേവസ്വം ഭരണസമിതി അംഗങ്ങളും കൃഷ്ണനാട്ടം കലാകാരന്മാരും ഭക്തരും ദേവസ്വം ജീവനക്കാരും ചേർന്ന് നാമജപ ഘോഷയാത്രയായി സംഘത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.

ചടങ്ങിൽ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, പി.ആർ.ഒ വിമൽ ജി നാഥ്, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പാൾ എം.നളിൻ ബാബു കൃഷ്ണനാട്ടം കളിയോഗം ആശാൻ രമേശൻ കരുമത്തിൽ എന്നിവർ സന്നിഹിതരായി


