വിസ്മയയുടെ മരണം, കിരൺകുമാറിനെ പിരിച്ചു വിട്ടത് നില നിൽക്കില്ലെന്ന് വിദഗ്ദർ
തിരുവനന്തപുരം : കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയുടെ മരണത്തിൽ മൊട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ ഭർത്താവ് കിരൺകുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി നിലനിൽക്കില്ലെന്ന് വിദഗ്ദർ. പിരിച്ചുവിട്ടതിനെതിരെ ഭരണഘടനയുടെ അനുച്ഛേദം 226 അനുസരിച്ച് കിരൺ കുമാറിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാം. 48 മണിക്കൂറിന് മേൽ റിമാൻഡിലായാൽ സസ്പെൻഡ് ചെയ്യാം. കോടതി ശിക്ഷിച്ചാൽ മാത്രമേ കുറ്റക്കാരനാവൂ, എന്നും പിരിച്ചുവിടൽ നിലനിൽക്കില്ലെന്നും നിയമവിദഗ്ദ്ധർ പറയുന്നു. കുറ്റാരോപണ മെമ്മോ നൽകി പ്രതിയുടെ ഭാഗം കേൾക്കണമെന്ന ചട്ടം ഇവിടെ പാലിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടതായി ഗതാഗത മന്ത്രി ആൻറണി രാജു പ്രഖ്യാപിച്ചത്. സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം, സ്ത്രീവിരുദ്ധ പ്രവൃത്തി എന്നിവയൊക്കെയാണ് കിരണിനെ പിരിച്ചുവിടാനുള്ള കാരണങ്ങൾ. വിസ്മയയുടെ ബന്ധുക്കൾ ഉൾപ്പടെ നിരവധി പേർ കിരണിനെ പിരിച്ചുവിട്ട നടപടിയെ സ്വാഗതം ചെയ്തു. അർഹിക്കുന്ന ശിക്ഷ, മാതൃകാപരമായ നടപടിയെന്നൊക്കെയാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾ അഭിപ്രായപ്പെട്ടത്
.