ജോയ് ഇളമണിനെ കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് ജോയ് ഇളമണിനെ നീക്കാൻ ഹൈക്കോടതി ഉത്തരവ്. കിലയുടെ നിയമാവലി ചട്ടം 43 പ്രകാരം കില ഡയറക്ടർ ജനറലിന്റെ പ്രായപരിധി 60 വയസാണ്. ഈ ചട്ടം ലംഘിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് ഹൈകോടതി റദ്ദ് ചെയ്തതുകൊണ്ടാണ് നിർദേശം. മുൻ എംപി രമ്യാ ഹരിദാസ് ഉൾപ്പെടെയുള്ളവർ ആണ് ഹർജി നൽകിയിരുന്നത്.
നിയമ സഭയിൽ എംഎൽഎമാരായ ടി സിദ്ദിഖും സജീവ് ജോസഫും ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ സർക്കാർ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഹൈകോടതിയിൽ കഴിഞ്ഞ വർഷം റിട്ട് ഹർജി ഫയൽ ചെയ്തത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. എബ്രഹാം ജോർജും അഡ്വ. രാജേന്ദ്രനും കേസിൽ ഹാജരായി
ജോയ് ഇളമൺ ആ സ്ഥാനത്ത് ഇരുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടികാണിക്കുന്നുണ്ടെങ്കിലും ആ കാലയളവിൽ അദ്ദേഹം എടുത്ത തീരുമാനങ്ങളെ കോടതി റദ്ദ് ചെയ്‌തിട്ടില്ല. ഇത് സംബന്ധിച്ച നിയമ വശങ്ങൾ ആരാഞ്ഞതിനു ശേഷം തുടർ നടപടികൾ ആലോചിക്കുമെന്ന് മുൻ എം.പി രമ്യ ഹരിദാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു