കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ വരുതിയിലാക്കാൻ ശ്രമിക്കുന്നു
ടി.എൻ.പ്രതാപൻ എംപി
ചാവക്കാട്: കേന്ദ്ര സർക്കാർ ജുഡീഷ്യറിയെ പോലും വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് ടി.എൻ.പ്രതാപൻ എംപി.അതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തിടെ ഉണ്ടായ മദ്രാസ് ഹൈക്കോടതി ജഡ്ജി വിക്ടോറിയ ഗൗരിയുടെ നിയമനം ഉൾപ്പെടെയുള്ള നിയമനങ്ങൾ.അയോദ്ധ്യ കേസിൽ വിധി പ്രസ്ഥാവിച്ച അബ്ദുൾ നസീറിനെ ആന്ധ്രപ്രദേശിലെ ഗവർണറായി നിയമിച്ചതും,മുൻ കേരള ഗവർണർ പി.സദാശിവത്തെയും,മുൻ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗോഗോയിയെ രാജ്യസഭാ അംഗമാക്കിയതുമെല്ലാം ജുഡീഷ്യറിയെ താങ്കളുടെ വരുതിയിലാക്കാനുള്ള ഹീനശ്രമങ്ങളാണ് മോഡി സർക്കാർ തുടരുന്നത്.
ഇതിനെതിരായി രാജ്യത്ത് എതിർ ശബ്ദങ്ങൾ ഉയർന്ന് വരേണ്ടതാണെന്നും,അതിന് അഭിഭാഷകർ മുൻകൈ എടുക്കണമെന്നും എംപി കൂട്ടിച്ചേർത്തു.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും,ഇത്രയേറെ നിഷ്പക്ഷതയും ഇത്രയധികം ചോദ്യം ചെയ്യപ്പെട്ട കാലം മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്നും എംപി അഭിപ്രായപ്പെട്ടു.ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ചാവക്കാട് കോടതി യൂണിറ്റ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ചാവക്കാട് കോടതി യൂണിറ്റ് പ്രസിഡന്റ് അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ജൂനിയർ അഭിഭാഷകരുടെ സ്റ്റൈപ്പന്റ് സർക്കാർ ഉടനടി കൊടുക്കണം എന്നും,ബഡ്ജറ്റിലെ കോർട്ട് ഫീ വർദ്ധനവ് പൊതുജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് അത് പിൻവലിക്കണം എന്നും,ചാവക്കാട് കോർട്ട് കോംപ്ലക്സ് ബജറ്റ് പ്രഖ്യാപനത്തിൽ മാത്രമായി ഇരിക്കുന്നത് യാഥാർഥ്യമാക്കി നിർമാണം ഉടനടി ആരംഭിക്കണം എന്നും കേരള സർക്കാരിനോട് പ്രമേയം പാസാക്കി ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി അഭിഭാഷകരായ തേർളി അശോകൻ(പ്രസിഡന്റ്),ഫരീദാബാനു,ബിജു വലിയപറമ്പിൽ(വൈസ് പ്രസിഡന്റുമാർ),അനീഷ ശങ്കർ(ജനറൽ സെക്രട്ടറി),അഹമ്മദ് ഷിബിൻ,ജെന്യ(സെക്രട്ടറിമാർ),ഫ്രെഡി പയസ്(ഖജാൻജി)എന്നിവരെ തിരഞ്ഞെടുത്തു.ബാർ കൗൺസിൽ അംഗം ടി.എസ്.അജിത്ത്,ജില്ലാ പ്രസിഡന്റ് അജി,സി.ബി.രാജീവ്,ജൂലിജോർജ്ജ്,കെ.ബി.ഹരിദാസ്,വി.ഡി.ബിജു എന്നിവർ സംസാരിച്ചു. കുഞ്ഞിമുഹമ്മദ്,ജോജോ,കെ.ബി.സയന,കെ.എ.സ്റ്റോബി ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.