കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി , കാർഷിക നിയമം പിൻവലിച്ചു
ദില്ലി: കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി . വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
നിയമങ്ങള് റദ്ദാക്കാനുള്ള ബില് അടുത്ത പാര്ലമെന്റ് ശൈത്യകാല സമ്മേളനത്തില് കൊണ്ടുവരുമെന്നും മോദി അറിയിച്ചു. പഞ്ചാബ്, ഉത്തര് പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്
കൂടിയാണ് കേന്ദ്രസര്ക്കാര് നിര്ണായക തീരുമാനമെടുത്തത്.
ഗുരുനാനാക്ക് ദിനത്തിലാണ് നിർണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നതെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപന വേളയിൽ പറഞ്ഞത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനെത്തുടർന്ന് ഒരുവർഷമായി നടത്തി വന്ന സമരം അവസാനിപ്പിച്ച് ആഹ്ലാദ ചിത്തരായി കർഷകർ തങ്ങ ളുടെ നാടുകളിലേക്ക് മടക്കം തുടങ്ങി
കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും തെരുവിൽ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമരം രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്. ഒടുവിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ചരിത്ര വിജയമാണെന്നും കർഷക വിജയമാണെന്നുമാണ് അഖിലേന്ത്യാ കിസാൻ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്റെ ഓർഡിനൻസ് പാർലമെന്റിലെത്തിയത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭയും സെപ്റ്റംബർ 20 ന് രാജ്യസഭയിൽ ശബ്ദവോട്ടോടെയും പാസാക്കി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാർലമെന്റിലെ നടപടി.
പഞ്ചാബിൽ നിന്നുമാണ് കാർഷിക നിയമങ്ങൾക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബർ 24 നാണ് നിയമത്തിനെതിരെ പഞ്ചാബിൽ കർഷകർ സമരത്തിനിറങ്ങിയത്. അത് പിന്നീട് ഹരിയാന, യുപി, ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു. സെപ്റ്റംബർ 25 ന് കർഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബർ 27 ന് കാർഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബർ 25 ന് കർഷകരുടെ റോഡ് ഉപരോധ സമരം നടന്നു. നവംബർ 26ന് ദില്ലി അതിർത്തിയിലേക്ക് കർഷകരെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം സമരത്തിനിറങ്ങി.
ആകെ 12 വട്ടമാണ് കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയത്. ഡിസംബർ 3 നായിരുന്നു സർക്കാറിന്റെ കർഷകരുമായുള്ള ആദ്യ ചർച്ച. നിയമം പിൻവലിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചാണ് കേന്ദ്ര സർക്കാർ പ്രതിനിധികളെത്തിയത്. പിന്നീടുള്ള ചർച്ചകളിൽ നിയമത്തിൽ ഭേദഗതികളാകാം എന്ന നിലയിലേക്ക് കേന്ദ്രസർക്കാരെത്തി. എന്നാൽ നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ചായിരുന്നു കർഷകർ.
കാർഷിക നിമയത്തിനെതിരെ കർഷകർ സുപ്രീം കോടതിയിലേക്ക് നീങ്ങി. ഡിസംബർ 11 ന് ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഭാഗമായി ഡിസംബർ 16 ന് കർഷകരും സർക്കാറുമായി ചർച്ചയ്ക്ക് സുപ്രീം കോടതി സമിതി രൂപീകരിച്ചു. പിന്നാലെ 2021 ജനുവരി 12 ന് നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2021 ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ മാർച്ച് നടത്തി. അത് വലിയ സംഘർഷത്തിലേക്കും പ്രതിഷേധത്തിലേക്കും എത്തി എത്തി. ഫെബ്രുവരി 6 ന് കർഷകരുടെ ദേശ വ്യാപക ചക്ര സംതംഭന സമരം നടന്നു. മാർച്ച് 5 ന് 2021 നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. മാർച്ച് 8 നാണ് സിംഗു അതിർത്തിൽ വെടിവയ്പ്പ് ഉണ്ടായത്. ഓഗസ്റ്റ് 7 ന് 2021 സമരത്തിന് പിന്തുണയുമായി 14 പ്രതിപക്ഷ പാർട്ടികളെത്തി. ഒടുവിൽ നവംബർ19 ന് നിയമം പിൻവലിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.