Majlis ayurvedic

കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജിവെച്ചു

Majlis ayurvedic

ബെംഗളുരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വച്ചു. മന്ത്രിസഭയുടെ രണ്ടാം വാർഷികച്ചടങ്ങുകൾക്ക് ഒടുവിലാണ് തൊണ്ടയിടറി വികാരാധീനനായി യെദിയൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. താൻ രാജിക്കത്ത് നൽകുകയാണെന്നും, ഗവർണറെ കാണുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. ഇനി ആരാകും കർണാടക മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കും.

Vadasheri

സർക്കാരിന്‍റെ രണ്ട് വർഷത്തെ പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിച്ച ചടങ്ങിനൊടുവിൽ യെദിയൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജി പ്രഖ്യാപനം നേരത്തേ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. പാർട്ടിക്കുള്ളിലുള്ള അധികാരവടംവലികൾക്കും പരസ്യപ്രതിഷേധങ്ങൾക്കുമൊടുവിൽ ഇത് നാലാം തവണയാണ് അധികാരകാലാവധി പൂർത്തിയാക്കാനാവാതെ, ബി എസ് യെദിയൂരപ്പ വിധാൻ സൗധയുടെ പടിയിറങ്ങുന്നത്.

Astrologer

തൊണ്ടയിടറിയാണ് യെദിയൂരപ്പ സംസാരിച്ചത്. ”ബിജെപിക്ക് വേണ്ടി സമ്മർപ്പിച്ച ജീവിതമാണ് തന്‍റേത്. സ്ഥാനമാനങ്ങൾ അല്ല, പാർട്ടിയാണ് തനിക്ക് വലുത്. വാജ്പേയി മുതൽ നരേന്ദ്രമോദി വരെയുള്ളവരുടെ ആശീർവാദം ലഭിച്ച നേതാവാണ് താൻ. പാർട്ടിയിലെ മുതിർന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു. നേരിട്ടത് വലിയ അഗ്നിപരീക്ഷകളാണ്. സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല”, എന്ന് യെദിയൂരപ്പ.

അതേസമയം, അധികാരത്തിൽ യാതൊരു ഗ്യാരന്‍റിയുമില്ലെന്ന തരത്തിലുള്ള പ്രസ്താവന ഇന്നലെ യെദിയൂരപ്പ നടത്തിയിരുന്നു. ”ഇതുവരെ ഒരു സന്ദേശവും കേന്ദ്രനേതൃത്വത്തിൽ നിന്ന് വന്നിട്ടില്ല. രാവിലെ സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷ ചടങ്ങുകൾ വിധാൻ സൗധയിൽ നടക്കും. രണ്ട് വർഷത്തെ നേട്ടങ്ങൾ ഞാനവതരിപ്പിക്കും. അതിന് ശേഷം, എന്ത് സംഭവിക്കുമെന്ന് നിങ്ങളോട് പറയാം”, യെദിയൂരപ്പ പറഞ്ഞു.

”അവസാനനിമിഷം വരെ ജോലി ചെയ്യാൻ തന്നെയാണ് എന്‍റെ തീരുമാനം. രണ്ട് മാസം മുമ്പ് തന്നെ, എപ്പോൾ വേണമെങ്കിലും രാജി വയ്ക്കാൻ തയ്യാറാണെന്ന് ഞാൻ പറഞ്ഞതാണ്. അത് തന്നെ ആവർത്തിക്കുന്നു. ഇതുവരെ കേന്ദ്രനേതൃത്വത്തിൽ നിന്ന് എനിക്ക് സന്ദേശങ്ങളൊന്നും കിട്ടിയിട്ടില്ല. അങ്ങനെ എന്തെങ്കിലും സന്ദേശം കിട്ടിയാൽ, തുടരാനാവശ്യപ്പെട്ടാൽ ഞാൻ തുടരും. അതല്ലെങ്കിൽ ഞാൻ രാജി വച്ച്, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. രാവിലെയോടെ സന്ദേശം എത്തിയേക്കും”, എന്ന് യെദിയൂരപ്പ.

ഈ മാസം ആദ്യവാരം ദില്ലിക്ക് പോയ യെദിയൂരപ്പ, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് മുതിർന്ന നേതാക്കളെയും കണ്ടിരുന്നു. പാർട്ടിക്ക് അകത്ത് നിന്ന് തന്നെ യെദിയൂരപ്പയ്ക്ക് എതിരെ ശക്തമായ വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. യെദിയൂരപ്പയല്ല, പകരം ബി വൈ വിജയേന്ദ്രയാണ് പാർട്ടിയും സർക്കാരും ഭരിക്കുന്നതെന്ന ആരോപണങ്ങൾ പരസ്യമായിത്തന്നെ പല നേതാക്കളും ഉന്നയിച്ചിരുന്നു. അച്ചടക്കനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് മറികടന്നും, ഈ പ്രതിഷേധങ്ങൾ ഉയർന്നതോടെ, ബിജെപി കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു.

78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിർത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പുതിയ നേതാവിനെ ഉയർത്തിക്കാണിക്കണം. നിർണായക ശക്തിയായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം നിർത്തണം.

2019 ജൂലൈയിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യസർക്കാർ താഴെ വീണതോടെ, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വർഷമായി അധികാരത്തിൽ തുടരുകയാണ്. എംഎൽഎയായ ബസനഗൗഡ പാട്ടീൽ യത്നാൽ, ടൂറിസം മന്ത്രി സി പി യോഗേശ്വർ, എംഎൽസി എ എച്ച് വിശ്വനാഥ് എന്നിവർ തന്നെ പരസ്യമായി നേരിട്ട് യെദിയൂരപ്പയ്ക്ക് എതിരെ പ്രസ്താവനകൾ നടത്തിയിരുന്നു. പാർട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നേതാക്കൾ പരസ്യമായി എതിർപ്പുയർത്തുന്നത് തുടർന്നു. യെദിയൂരപ്പയല്ല, ബി വൈ വിജയേന്ദ്രയാണ് പാർട്ടിയും സർക്കാരും നിഴൽ നേതാവിനെപ്പോലെ നടത്തുന്നതെന്നും യത്നാൽ അടക്കമുള്ളവർ ആരോപിക്കുന്നു.

എന്നാൽ സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ – ലിംഗായത്ത് സമൂഹം ഒപ്പമാണ്. യെദിയൂരപ്പയെ മാറ്റിയാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലിംഗായത്ത് നേതൃത്വം രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിൽ നിന്നുയരുന്ന പ്രതിഷേധങ്ങളും സമുദായനേതൃത്വങ്ങളുടെ മുന്നറിയിപ്പും ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം ഇനി കണ്ടറിയണം.

അതേസമയം, സമുദായഭേദമന്യേ സൗമ്യസമീപനമുള്ള യെദിയൂരപ്പയ്ക്ക് പകരം തീവ്രനിലപാടുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. യുപി മോഡല്‍ കര്‍ണാടകത്തിലും പരീക്ഷിക്കണമെന്നാണ് പാർട്ടിക്കകത്തെ വാദം, മന്ത്രിസഭയിലും പൂര്‍ണ അഴിച്ചുപണിക്കാണ് നീക്കം

Astrologer