കാനം രാജേന്ദ്രൻ അന്തരിച്ചു
കൊച്ചി : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ, ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. 2015 മുതൽ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാണ്. കാനത്തിന്‍റെ കാലിന് അപകടത്തിൽ പരിക്കേൽക്കുകയും അണുബാധയെ തുടർന്ന് അടുത്തിടെ കാൽപാദം മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
. അനാരോഗ്യംമൂലം കാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. 52 വർഷമായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമാണ്. 2006ൽ എ.ഐ.ടു.യു.സി സംസ്ഥാന സെക്രട്ടറിയായി. 1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ വി.കെ. പരമേശ്വരൻ നായരുടെ മകനായാണ് ജനനം. എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയത്തിലെത്തി. 23ാം വയസ്സിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസ്സിൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1982ലും 87ലുമാണ് വാഴൂരിൽനിന്ന് നിയമസഭയിലെത്തിയത്. ആദ്യം എം.കെ. ജോസഫിനെയും പിന്നീട് പി.സി. തോമസിനെയുമാണ് തോൽപിച്ചത്.പിന്നീട് രണ്ടുവട്ടം വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
വാഴൂര്‍ എസ്.വി.ആര്‍.എൻ.എസ്.എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളജ്, മോസ്‌കോ ഇന്‍റര്‍നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. എ.ഐ.എസ്.എഫിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എ.ഐ.വൈ.എഫ് പ്രവര്‍ത്തകനായ അദ്ദേഹം 1970ല്‍ സംസ്ഥാന സെക്രട്ടറിയായി. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഢിയും സി.കെ. ചന്ദ്രപ്പനും എ.ഐ.വൈ.എഫ് പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയുമായിരുന്നപ്പോള്‍ കാനമായിരുന്നു കേരളത്തിലെ പ്രമുഖനേതാവ്. എ.ഐ.വൈ.എഫ് ദേശീയ വൈസ് പ്രസിഡൻറായും പ്രവര്‍ത്തിച്ചു. 1970ല്‍ സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും പിന്നീട് സംസ്ഥാന എക്സിക്യൂട്ടിവിലും അംഗമായി. യുവജനരംഗത്തുനിന്ന് നേരിട്ട് തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്. തൊഴിലാളി മേഖലയിലെ പരിചയസമ്പത്ത് കൂടുതല്‍ കരുത്തുറ്റവനാക്കി.
1970ല്‍ കേരള സ്റ്റേറ്റ് ട്രേഡ് യൂനിയൻ കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തി. ഈ ഘട്ടത്തിലാണ് അസംഘടിത മേഖല, പുത്തന്‍തലമുറ ബാങ്കുകൾ, ഐ.ടി സ്ഥാപനങ്ങൾ, സിനിമമേഖല തുടങ്ങിയവയിലുൾപ്പെടെ പുതിയ യൂനിയനുകളുണ്ടാക്കിയത്. സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറിയായിരിെക്ക 1982ൽ വാഴൂരില്‍നിന്ന് നിയമസഭാംഗമായി. രണ്ടുതവണ വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. . നിര്‍മാണമേഖലയിലെ അസംഘടിത തൊഴിലാളികൾക്കായി കാനം നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിെൻറ ചുവടുപിടിച്ചാണ് പിന്നീട് നിര്‍മാണതൊഴിലാളി നിയമം നിലവില്‍വന്നത്. സി.പി.െഎ ദേശീയ സെക്രേട്ടറിയറ്റ് അംഗം, എ.െഎ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്, ജനയുഗം-നവയുഗം ദ്വൈവാരിക മുഖ്യപത്രാധിപർ, സി. അച്യുതമേനോൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: വനജ. മക്കൾ: സ്മിത, സന്ദീപ്. മരുമക്കള്‍: സര്‍വേശ്, താര.