വിധി പാലിച്ചില്ല, മധുരൈ കാമരാജ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്കും, അഡീഷണൽ കൺട്രോളർക്കും വാറണ്ട്.
തൃശൂർ: ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. വരാക്കര സ്വദേശി ഡോ: രാജൻ എൻ സി ഫയൽ ചെയ്ത ഹർജിയിലാണ് മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കുമെതിരെ ഇപ്രകാരം ഉത്തരവായത്. കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റും ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ രാജന് നേരത്തെ ഉപഭോക്തൃ കോടതിയിൽ നിന്ന് അനുകൂലവിധി ലഭിച്ചിരുന്നു.
എന്നാൽ വിധി പാലിക്കുന്നതിൽ യൂണിവേഴ്സിറ്റി അധികൃതർ വീഴ്ച വരുത്തുകയായിരുന്നു. തുടർന്ന് വിധി പാലിക്കാതിരുന്നതിന് യൂണിവേഴ്സിറ്റി അധികൃതരെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് രാജൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ്., ആർ. രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി രജിസ്ട്രാർക്കും അഡീഷണൽ കൺട്രോളർക്കും പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതൃകക്ഷികൾക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി