നടൻ കാളിദാസ് ജയറാം കണ്ണന് മുന്നിൽ വിവാഹിതനായി
ഗുരുവായൂർ: ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ മോഡലായ തരിണി കലിംഗരാരുടെ കഴുത്തിൽ കാളിദാസ് താലിചാർത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.
രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ് , മന്ത്രി മുഹമ്മദ് റിയാസ്തുടങ്ങി സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുത്തു.
ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയിൽ നിറയെ ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു. മുല്ലപ്പൂ കൂടി ചൂടി കൂടുതൽ സുന്ദരിയായിരുന്നു വധു.
കഴിഞ്ഞ വെള്ളിയാഴ്‌ച്ച ഇരുവരും ചെന്നൈയിൽ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതിൽ പങ്കെടുത്തത്. വയലറ്റ് നിറത്തിലുള്ള ദാവണിയായിരുന്നു തരിണയുടെ ഔട്ട്ഫിറ്റ്. ഗോൾഡൻ നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു കാളിദാസിന്റെ വേഷം.
കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022-ൽ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ തരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടങ്ങൾ ചൂടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ തരിണിയും പങ്കെടുത്തിരുന്നു.
തങ്ങളുടെ വിവാഹം കഴിഞ്ഞ് 32 വര്‍ഷത്തിനു ശേഷം മകനും ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ച് വിവാഹം കഴിച്ചതിന്റെ സന്തോഷത്തിലാണ് ജയറാമും പാര്‍വതിയും.
1992 സെപ്റ്റംബര്‍ ഏഴാം തിയ്യതി അശ്വതിയുടെ കഴുത്തില്‍ ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി. ഗുരുവായൂരപ്പന്റെ മുമ്പില്‍വെച്ച് കണ്ണന് താരൂന്റെ കഴുത്തില്‍ താലിചാര്‍ത്താനായതില്‍ സന്തോഷം. ഈ നിമിഷത്തിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. ഞങ്ങളുടെ കുടുംബം ഇപ്പോള്‍ വലുതായി. ഒരു മോളെയും മോനെയും കൂടി കിട്ടിആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്.
ഞങ്ങളുടെ വിവാഹത്തിന് കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ കൂടിയതുപോലെ മകന്റേയും മകളുടേയും കല്ല്യാണത്തിനും എത്തിയതില്‍ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാര്‍ഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.- ജയറാം പറഞ്ഞു