കടപ്പുറം ആശുപത്രിയിൽ ഡോക്ടർമാരുടെ നിയമനം , ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിവേദനം നൽകി
ചാവക്കാട് : കടപ്പുറം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിവേദനം. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളാണ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിവേദനം നൽകിയത്. തീരദേശ പഞ്ചായത്തായ കടപ്പുറത്ത് മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള നിർധന ജനവിഭാഗങ്ങളുടെ ആരോഗ്യരംഗത്തെ ഏക ആശ്രയമായ കടപ്പുറം സി.എച്ച്.സിയിൽ വർഷങ്ങളായി നിരവധി തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്.
< എട്ട് ഡോക്ടർമാരും അതിനനുസൃതമായ ജീവനക്കാരുമാണ് ഇവിടെ വേണ്ടത്. എന്നാൽ, പരമാവധി നാല് ഡോക്ടർമാരുടെ ഒ.പി സേവനമാണ് ലഭിക്കുന്നത്. ഹെഡ് നഴ്സ്, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സ്, കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സ് സൂപ്പർവൈസർ എന്നിവരുടെയെങ്കിലും ഒഴിവിലേക്ക് നിയമനം അടിയന്തിരമായി നടത്തണമെന്നും രാത്രികാല ഒ.പിയും കിടത്തി ചികിൽസയും ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
കടപ്പുറം സി.എച്ച്.സിയിൽ ദിവസവും നാനൂറിൽ പരം ആളുകളാണ് ചികിൽസ തേടി എത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെങ്കിലും ജീവനക്കാരുടെ അഭാവമാണ് ആശുപത്രിയുടെ ശോച്യാവസ്ഥക്ക് കാരണമെന്ന് നിവേദനത്തിൽ ആരോപിച്ചു. അധികൃതരുടെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും കടപ്പുറം സി.എച്ച്.സിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ദീൻ, ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷാജിത ഹംസ, കടപ്പുറം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എം മനാഫ്, പഞ്ചായത്ത് മെമ്പർമാരായ പി.എ അഷ്ക്കറലി, ശ്രീബ രതീഷ്, റഫീഖ, ഷൈല മുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു