
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ, കായികോത്സവം തൃശൂരിൽ, ശാസ്ത്രോത്സവം കുന്നംകുളത്ത്

തൃശൂർ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ മാസം അവസാനവാരം ഇരിങ്ങാലക്കുട വേദിയാകും. റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ് 2022 – 23ന് തൃശൂർ നഗരം വേദിയൊരുക്കും. 16 ഇനങ്ങളിലാണ് ആദ്യഘട്ട ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. ഈ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികൾ ഒക്ടോബർ 15ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് യോഗ്യത നേടും.
വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയം, ഗവൺമെന്റ് മോഡൽ ഗേൾസ് സ്കൂൾ, അക്വാട്ടിക് കോംപ്ലക്സ്, കോർപ്പറേഷൻ സ്റ്റേഡിയം, ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ്, ഡോൺ ബോസ്കോ സ്കൂൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ട ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. ശാസ്ത്രമേള, ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളത്ത് വെച്ച് നവംബർ ആദ്യവാരം നടക്കും.

ജില്ലയിൽ മൂന്ന് വിദ്യാഭ്യാസ ജില്ലകളാണ് ഉള്ളത്. ഇവയിൽ ഓരോന്നിലും ടേൺ അനുസരിച്ചാണ് മേളകൾ സംഘടിപ്പിക്കുന്നത്. അതനുസരിച്ചാണ് ഇത്തവണയും തീരുമാനമെടുത്തിട്ടുള്ളതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ അറിയിച്ചു.
സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 10ന് തിങ്കളാഴ്ച്ച വൈകുന്നേരം 2 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ ചേരും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു യോഗം ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷ സോണിയ ഗിരി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയാകും. ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം ശ്രീജ, എസ്എസ്കെ ഡിപിസി ഡോ.എൻ ജെ ബിനോയ്, ഹയർ സെക്കന്ററി ജില്ലാ കോഡിനേറ്റർ വി എം കരിം, കൈറ്റ് ജില്ലാ കോഡിനേറ്റർ എം അഷറഫ്, ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, അധ്യാപക സംഘടനാ നേതാക്കൾ, സ്പോർട്സ് കോഡിനേറ്റർ, വിവിധ ക്ലബ്ബ് സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.

ജില്ലാ ശാസ്ത്രോത്സവ സംഘാടക സമിതി യോഗം ഒക്ടോബർ 11ന് ചൊവ്വാഴ്ച കുന്നംകുളം ടൗൺ ഹാളിൽ വൈകുന്നേരം 3 മണിക്ക് ചേരും. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ -ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എ വി വല്ലഭൻ മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ക്ലബ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.
