ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തി : കെ.സി.നാരായണൻ.
ഗുരുവായൂർ : ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തിയും ആകർഷണവുമെന്ന് പ്രശസ്ത എഴുത്തുകാരൻ കെ.സി.നാരായണൻ.
ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ വായനദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1983 ൽ മരണം വരിക്കാൻ തീരുമാനിച്ചിറങ്ങി വഴിവക്കിലെ കടയിൽ നിന്ന് മാസിക വാങ്ങി എം.ടി വാസുദേവൻ നായരുടെ രണ്ടാംമൂഴം വായിച്ചതോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ യുവാവിൻ്റെ കഥ പറഞ്ഞാണ് കെ.സി.നാരായണൻ തുടങ്ങിയത്. വായനയുടെ ഗുരുത്വാകർഷണ ശക്തി അതാണ്. വായനക്കല്ലാതെ മറ്റൊന്നിനും ഈ ശക്തി നൽകാനാവില്ല. കഴുമരത്തിലേറ്റാൻ കൊണ്ടുപോയപ്പോൾ താൻ വായിച്ചു കൊണ്ടിരുന്ന ലെനിൻ്റെ ആത്മകഥ രണ്ടു പേജ് കൂടി വായിച്ച് തീർക്കാൻ അനുവാദം തേടിയ ഭഗത് സിങ്ങിൻ്റെ ജീവിത കഥയും അദ്ദേഹം ഉദാഹരിച്ചു.
ജീവിതാന്ത്യത്തിലും പ്രത്യാശ പകരാൻ കഴിയുന്നതാണ് വായന. വായിക്കുന്ന പ്ലാറ്റ്ഫോം മാറി എന്നല്ലാതെ വായന മരിച്ചിട്ടില്ല. പുസ്തകം മരിക്കുന്നില്ല. മറിച്ച് രൂപാന്തരം പ്രാപിക്കുന്നു എന്നതാണ് സത്യം .- അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകൻ വിജയൻ കർണ്ണകോട്, മികച്ച വായനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട ജയന്തി എന്നിവരെ ആദരിച്ചു. വായനദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഉപന്യാസ രചന, ക്വിസ് മത്സര വിജയികൾക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. രാധാകൃഷ്ണൻ കാക്കശ്ശേരി, വി.പി.ഉണ്ണിക്കൃഷ്ണൻ , ഷാജു പുതൂർ എന്നിവർ സംസാരിച്ചു .