വിദ്യാർഥികൾ ജാതി വിവേചനം നേരിടുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണം –യു.ജി.സി
ന്യൂഡല്‍ഹി: കോളേജ് അധ്യാപകരും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളോട് ഏതെങ്കിലും തരത്തിലുള്ള ജാതിവിവേചനമോ വേര്‍തിരിവോ കാണിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്(യു.ജി.സി). സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമാണ് നിര്‍ദേശം. 2020-21 വര്‍ഷത്തില്‍ ജാതി വിവേചനം അനുഭവിച്ചവര്‍ നല്കിയ പരാതിയില്‍ കൈക്കൊണ്ട നടപടികളും യു.ജി.സി ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടിക ജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ ഒരു തരത്തിലുള്ള വിവേചനത്തിനും ഇരയാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
സര്‍വകലാശാലകളും കോളജുകളും അവരുടെ വെബ്സൈറ്റുകളില്‍ ജാതി അധിക്ഷേപത്തിനെതിരെ പരാതി നല്‍കുന്നതിന് പ്രത്യേക പേജ് സജ്ജീകരിക്കണം. ൈവസ് ചാന്‍സലര്‍മാരുടെയും രജിസ്ട്രാര്‍മാരുടെയും ഒാഫിസുകളില്‍ പരാതി നല്‍കുന്നതിന് സൗകര്യം ഒരുക്കണമെന്നും യു.ജി.സി സെക്രട്ടറി രജനീഷ് ജയിന് സര്‍വകലാശാലകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പട്ടിക ജാതി-പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ പരാതി പരിഹാരത്തിനായി പ്രത്യേക സമിതികള്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്.