ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ബുധനാഴ്ച സമാപിക്കും

ഗുരുവായൂർ : ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ബുധനാഴ്ച സമാപിക്കും. പഴയ മലബാറിൽ ഉൾപ്പെടുന്ന ഗുരുവായൂരിലെ ഇരിങ്ങപ്പുറത്ത് 1922ലാണ് സ്കൂൾ ആരംഭിച്ചത്. എട്ടാം തരം വരെ ഇവിടെയുണ്ടായിരുന്നു. 1928ൽ ഹിന്ദു ഗേൾസ് യു.പി. സ്കൂളായി. 1965ൽ ഇരിങ്ങപ്പുറം എ.എൽ.പി സ്കൂൾ എന്നായി പേര്. അധ്യാപകനായിരുന്ന പി.സി. ഇട്ടൂപ്പാണ് സ്കൂൾ സ്ഥാപിച്ചത്. ഗുരുവായൂർ നഗരസഭയിലെ നാല് വാർഡുകൾ ഉൾപ്പെടുന്ന ഇരിങ്ങപ്പുറത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ് ഈ സ്കൂൾ.

ശതാബ്ദി ആഘോഷത്തിൻറെ ഭാഗമായുള്ള ഗുരുവന്ദനവും പൂർവ വിദ്യാർഥി സംഗമവും ചൊവ്വാഴ്ച വൈകീട്ട് നാലിന് നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിക്കും. ജയരാജ് വാരിയർ മുഖ്യാതിഥിയാകും.

ശതാബ്ദി ആഘോഷ സമാപനം ബുധനാഴ്ച വൈകീട്ട് നാലിന് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ. സായിനാഥൻ അധ്യക്ഷത വഹിക്കും. എ.ഇ.ഒ പി.ബി. അനിൽ സ്മരണിക പ്രകാശനം ചെയ്യും. പ്രധാനാധ്യാപിക മിനി ജോസ്, സംഘാടക സമിതി ചെയർമാൻ പി.പി. വൈഷ്ണവ്, മാനേജർ ജോഫി ജോസ്, കൺവീനർമാരായ മനയിൽ വിജയൻ, അഭിലാഷ് വി. ചന്ദ്രൻ, കെ.വി. രാമകൃഷ്ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.