Header 1 = sarovaram
Above Pot

‘ഇൻതിഫാദ’ തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന് ആരോപണം, ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന് പേരിട്ടതിനെതിരെ ഹൈകോടതിയിൽ ഹരജി. കൊല്ലം അഞ്ചൽ സ്വദേശിയായ എ.എസ്. ആഷിഷ് ആണ് ഹൈകോടതിയിൽ ഹരജി നൽകിയത്. തീവ്രവാദവുമായി ബന്ധമുള്ള പേരെന്ന പരാതിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും സർവ്വകലാശാലക്കും നോട്ടീസ് അയച്ചു. ഫലസ്തീൻ–ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണിതെന്നും ഇത്തരം പേര് കലോത്സവത്തിന് നൽകരുതെന്നുമാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പേര് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ഇത് മാറ്റണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Astrologer

ഹരജി പരിഗണിച്ച ഹൈകോടതി ഗവർണർ, കേരള സർവകലാശാല വൈസ് ചാൻസലർ, സർവകലാശാല യൂണിയൻ എന്നിവർക്ക് നോട്ടിസ് അയക്കാൻ നിർദേശം നൽകി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, ഓട്ടംതുള്ളൽ, ക്വിസ്, ചിത്രരചന തുടങ്ങി അറിയുന്നതും അറിയപ്പെടാത്തതുമായി സംസ്ഥാനത്തെ യുവാക്കൾക്കിടയിലുള്ള കലാ, സാംസ്കാരിക കാര്യങ്ങൾ ഊർജിതപ്പെടുത്തുക എന്നതാണ് കലോത്സവം കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ, ഇത്തണത്തെ കലോത്സവത്തിന് നൽകിയിരിക്കുന്ന ‘ഇൻതിഫാദ’ എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ‘തകിടം മറിക്കുക’ എന്നതിന്‍റെ അറബിക് പദമാണ് ‘ഇൻതിഫാദ’. ജനങ്ങള്‍ തെരുവിലിറങ്ങുന്നത് ലക്ഷ്യമിട്ട് ഫലസ്തീനികൾ ഈ പദം ഉപയോഗിക്കുന്നു. ഇസ്രായേലും ഫലസ്തീനുമായി ഗസ്സയിൽ ഉടലെടുത്ത സംഘർഷത്തോട് അനുബന്ധിച്ച് ഫലസ്തീൻകാർ ഉപയോഗിച്ച വാക്കാണിത്.

ഹമാസ് പോലുള്ള തീവ്രവാദ, സായുധ സംഘങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണ് ‘ഇൻതിഫാദ’. ഇസ്രായേലിന് മേൽ ഫലസ്തീന്റെ സ്കാർഫ് വീണു കിടക്കുന്നതാണ് കലോത്സവ ലോഗോയിലുള്ളത്. ഒരു യുവജനോത്സവം കലാപവുമായോ യുദ്ധവുമായോ ബന്ധപ്പെടുത്തരുത്. കലോത്സവത്തിൽ രാഷ്ട്രീയത്തിനോ ആഗോള രാഷ്ട്രീയത്തിനോ സ്ഥാനമില്ല. ഇസ്രായേൽ–ഫലസ്തീൻ സംഘർഷമല്ല ഇവിടെ ചർച്ചയാകേണ്ടതും സർഗാത്മകമായി പ്രകടിപ്പിക്കേണ്ടതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന പ്രമേയം മുന്നോട്ടുവെച്ചാണ് ‘ഇൻതിഫാദ’ എന്ന പേര് സർവകലാശാല കലോത്സവത്തിന് നൽകിയത്. ഈ വിഷയത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്താൻ വൈസ് ചാൻസലർ നിർദേശിച്ചിട്ടുണ്ട്. മാർച്ച് 7 മുതൽ 11 വരെ പാളയം യൂണിവേഴ്‌സിറ്റി കോളജിലാണ് സർവകലാശാല കലോത്സവം നടക്കുക.”,

അതേസമയം, ‘ഇൻതിഫാദ’ എന്ന പേരിൽ തന്നെയാണ് എസ്എഫ്ഐ നേതൃത്വം നൽകുന്ന സർവ്വകലാശാല യൂണിയൻ മുന്നോട്ട് പോകുന്നത്. ഫ്ലെക്സും പ്രചാരണ ബോർഡുകളുമൊന്നും മാറ്റിയിട്ടില്ല. സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ‘ഇൻതിഫാദ’ എന്ന പദത്തെ കുറിച്ച് പരിശോധിക്കാൻ സർവ്വകലാശാല തീരുമാനിച്ചിട്ടുണ്ട്. വിവാദം പുകയുമ്പോഴും പരാതിയെ കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് യൂണിയൻ ഭാരവാഹികൾ തയ്യാറല്ല. പലസ്തീൻ ജനതയുടെ പ്രതിരോധം എന്ന നിലക്കാണ് പേരിട്ടതെന്നാണ് വിശദീകരണം

Vadasheri Footer