Header 1 = sarovaram
Above Pot

ആണവ അന്തർ വാഹിനി ഐ എൻ എസ് അരിഘാത് കമ്മീഷൻ ചെയ്തു.

വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘാത് കമ്മീഷന്‍ ചെയ്തു. 112 മീറ്റര്‍ നീളമുള്ള അന്തര്‍വാഹിനിയില്‍ 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലാണ് സജ്ജീകരിച്ചിരിക്കുന്നത്. വിശാഖപട്ടണം കപ്പല്‍ശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു കമ്മീഷനിങ് ചടങ്ങ് നടന്നത്.

അരിഹന്ത് ക്ലാസ് ഇനത്തില്‍ പെട്ട ഈ അന്തര്‍വാഹിനി ഇന്ത്യയ്ക്ക് കരുത്താകുമെന്നും ആണവ പ്രതിരോധം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ആണവ അന്തര്‍വാഹിനിയുടെ ഭാരം ഏകദേശം 6000 ടണ്‍ ആണ്. അരിഘാതിന്റെ പ്രത്യേകതകള്‍ ചുവടെ:

Astrologer

1.കരയില്‍ നിന്നും വായുവില്‍ നിന്നും കടലില്‍ നിന്നും ആണവായുധങ്ങള്‍ വിക്ഷേപിക്കാനുള്ള കഴിവിന് ഐഎന്‍എസ് അരിഘട്ടിന്റെ വരവ് കരുത്തുപകരും. 2018ല്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായ ഐഎന്‍എസ് അരിഹന്തിനൊപ്പമായിരിക്കും ഇനി അരിഘാതിന്റെ പ്രവര്‍ത്തനം.

2.ഐഎന്‍എസ് അരിഹന്തിനും ഐഎന്‍എസ് അരിഘാതിനും 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ്-വാട്ടര്‍ റിയാക്ടറുകളാണ് ഊര്‍ജം നല്‍കുന്നത്. ഇത് സാധാരണ ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികളില്‍ നിന്ന് വ്യത്യസ്തമാണ്. കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ തുടരാന്‍ ഇത് കരുത്തുപകരും.

3.ഇന്ത്യന്‍ ആണവശക്തിയുള്ള ബാലിസ്റ്റിക് അന്തര്‍വാഹിനികള്‍ക്ക് അരിഹന്ത് ക്ലാസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ‘ശത്രുക്കളെ നശിപ്പിക്കുന്നവന്‍’ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം.

4.ശേഷി വര്‍ധിപ്പിക്കുക എന്ന ദീര്‍ഘകാല ലക്ഷ്യത്തിന്റെ ഭാഗമായി ആണവ, പരമ്പരാഗത അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ ആണവ അന്തര്‍വാഹിനി. പദ്ധതിയില്‍ അഞ്ച് അരിഹന്ത് ക്ലാസ് അന്തര്‍വാഹിനികളും ആറ് ആണവ ആക്രമണ അന്തര്‍വാഹിനികളും ഉള്‍പ്പെടുന്നു. മൂന്ന് ഘട്ടങ്ങളിലായി ഇവ നിര്‍മ്മിക്കാനാണ് പദ്ധതി.

5.ആദ്യം ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെ ആണവ നയം നിലനില്‍ക്കുമ്പോള്‍ തന്നെ ബാലിസ്റ്റിക് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ വികസിപ്പിക്കുന്നത് ശത്രുപക്ഷത്ത് നിന്നുള്ള ആക്രമണങ്ങളെ നിരുത്സാഹപ്പെടുത്തും. ഇത്തരം അന്തര്‍വാഹനികളുടെ റഡാറില്‍ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും അപ്രതീക്ഷിത ആക്രമണത്തെ അതിജീവിക്കാനുള്ള കഴിവും പ്രത്യാക്രമണം നടത്താനുള്ള ശേഷിയുമാണ് ശത്രുപക്ഷത്തെ ഭയപ്പെടുത്തുക.

6.യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ദീര്‍ഘദൂര മിസൈലുകളുള്ള വലിയ ബാലിസ്റ്റിക് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ ഉണ്ട്. ചൈനയ്ക്ക് 10,000 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ വരെ തകര്‍ക്കാന്‍ ശേഷിയുള്ള JL3 മിസൈലുകളുള്ള ആറ് ജിന്‍-ക്ലാസ് ബാലിസ്റ്റിക് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ ഉണ്ട്. അമേരിക്കയ്ക്ക 14 ഒഹിയോ ക്ലാസ് ബാലിസ്റ്റിക് ന്യൂക്ലിയര്‍ അന്തര്‍വാഹിനികളാണ് ഉള്ളത്.

7.ടോര്‍പ്പിഡോകള്‍, കപ്പല്‍ വേധ മിസൈലുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്ന 6,000 ടണ്‍ ഭാരമുള്ള രണ്ട് ‘ഹണ്ടര്‍-കില്ലര്‍’ ബാലിസ്റ്റിക് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിനായി 40,000 കോടി രൂപ ചെലവ് വരുന്ന പദ്ധതി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റിയുടെ പരിഗണനയിലാണ്. നിര്‍മാണത്തിന് പത്തുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  1. പരമ്പരാഗത അന്തര്‍വാഹിനി നിര്‍മാണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ നാവികസേന ആറ് പുതിയ കല്‍വാരി ക്ലാസ് അന്തര്‍വാഹിനികള്‍ സ്വന്തമാക്കി. പ്രോജക്റ്റ് 75 ഇന്ത്യ, പ്രോജക്റ്റ്-76, പ്രോജക്റ്റ്-75 എഎസ് എന്നിവയിലൂടെ 15 എണ്ണം കൂടി സ്വന്തമാക്കാനാണ് നാവികസേനയ്ക്ക് പദ്ധതിയുണ്ട്.
Vadasheri Footer