
ഇന്ത്യയില്‍ കാന്‍സര്‍ സ്ക്രീനിംഗ് നിര്‍ബന്ധമാക്കണം.

തൃശൂർ : വിദേശരാജ്യങ്ങളിലെ പോലെ ഇന്ത്യയിലും കാന്‍സര്‍ സ്ക്രീനിംഗ് നിര്‍ബന്ധമാക്കിയാല്‍ കാന്‍സറിന്‍റെ വര്‍ധനവ് നിയന്ത്രണ വിധേയമാക്കാമെന്ന് അമല കാന്‍സര്‍ റിസര്‍ച്ച് സെന്‍ററും ഓങ്കോളജി വിഭാഗവും ചേര്‍ന്ന് ടേമിങ് കാന്‍സര്‍ സിമ്പോസിയത്തിന്‍റെ ഭാഗമായി നടത്തിയ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ അഭിപ്രായപെട്ടു. സ്ത്രീകളെ ബാധിക്കുന്ന ഗര്‍ഭാശയ കാന്‍സറും സ്തന കാന്‍സറും നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും മാറ്റാമെന്നും ചര്‍ച്ചയില്‍ പറഞ്ഞു.

ഹെല്‍ത്ത് എക്സ്പേര്‍ട്ട് ഡോ. കെ.പി. അരവിന്ദന്‍ , ഓങ്കോളജിസ്റ്റ് ഡോ. സുനു സിറിയക്, അമല റിസര്‍ച് ഡയറക്ടര്‍ ഡോ. വി. രാമന്‍ കുട്ടി, സെന്‍റര്‍ ഓഫ് എക്സലന്‍സ് ഇന്‍ നുട്രാസ്യൂട്ടിക്കല്‍സിലെ ഡോ. റൂബി ആന്റോ, പാലിയേറ്റീവ് കെയര്‍ വിദഗ്ദ്ധന്‍ ഡോ.ഇ.ദിവാകരന്‍, ശ്രീചിത്രയിലെ ഡോ. ജിസ ടി. വി.; ന്യൂ ഇന്ത്യ എക്സ്പ്രസ്സ് എഡിറ്റര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.

ചടങ്ങിന്‍റെ ഉദ്ഘാടനം ദേവമാതാ കൗണ്‍സിലര്‍ ഫാ. ജോര്‍ജ് തോട്ടാന്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സി. എം. ഐ . , ചീഫ് റിസര്‍ച്ച് അഡ്മിനിസ്ട്രേറ്റര്‍ ഡോ. ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ആശാവര്‍ക്കര്‍മാര്‍,
അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവരും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
