Header 1 = sarovaram
Above Pot

പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു.

new consultancy

Astrologer

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സമാന്റെ ഇന്നിംഗ്സ്. രണ്ടാം വിക്കറ്റില്‍ അസമുമായി ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാനും സമനായി. പാക് ഇന്നിംഗ്സിലെ മികച്ച കൂട്ടുക്കെട്ടും ഇത് തന്നെ.

പിന്നാലെ എത്തിയവരെല്ലാം ഉത്തരവാദിത്വം കാണിക്കാതെ മടങ്ങുകയായിരുന്നു. നേരത്തെ രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ വിരാട് കോലി (77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ചുറി നേടിയിരുന്നു.

ഒന്നാം വിക്കറ്റില്‍ രാഹുല്‍- രോഹിത് സഖ്യം 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശിഖര്‍ ധവാന് പകരം ഓപ്പണിങ് റോളിലെത്തിയ രാഹുല്‍ അവസരം മുതലാക്കി. 78 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. എന്നാല്‍ രാഹുലിനെ വഹാബ് റിയാസ്, ബാബര്‍ അസമിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ കോലിയും വെറുതെ ഇരുന്നില്ല. രോഹിത്തിന് ആവശ്യമായ പിന്തുണ നല്‍കി. ഇരുവരും 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹസന്‍ അലിക്കെതിരെ കൂറ്റന്‍ അടിക്ക് മുതിര്‍ന്ന രോഹിത്തിന് പിഴച്ചു. റിയാസ് ക്യാച്ച് നല്‍കുകയായിരുന്നു. 113 പന്തിലാണ് താരം 140 റണ്‍സെടുത്തത്. മൂന്ന് സിക്സം 14 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

നാലാമനായി ഇറങ്ങിയ ഹാര്‍ദിക് ഒരു വെടിക്കെട്ടിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും അധിക ദൂരം പോയില്ല. 19 പന്തില്‍ ഒരു സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 26 റണ്‍സ് നേടി താരം മടങ്ങി. ആമിറിനായിരുന്നു വിക്കറ്റ്്. പിന്നാലെയെത്തിയ ധോണി (1)യും നിരാശനാക്കി. ഇതിനിടെ 47ാം ഓവറില്‍ മഴയെത്തി. മഴയ്ക്ക് ശേഷമുള്ള രണ്ടാം ഓവറില്‍ കോലിയും പവലിയനില്‍ തിരിച്ചെത്തി. ആമിറിനെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസിന് ക്യാച്ച് നല്‍കി. 65 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെയാണ് കോലി 77 റണ്‍സെടുത്തത്. കോലി ക്രീസില്‍ നിന്നിരുന്നെങ്കിലും ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു. ധവാന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ ( 15 പന്തില്‍ 15), കേദാര്‍ ജാദാവ് ( 8 പന്തില്‍ 9) പുറത്താവാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റെടുത്തു. ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Vadasheri Footer