ഇല്ലാത്ത വിസ ഫീസ് തട്ടിയെടുത്ത അരൂഹ ട്രാവൽസിനെതിരെ ഉപഭോക്തൃ കോടതി വിധി
ഗുരുവായൂർ : കുട്ടികളുടെ വിസ ഫീസ് ഒഴിവാക്കിയിരിക്കെ വിസ ഫീസ് ഈടാക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ഗുരുവായൂർ തിരുവെങ്കിടം കുഞ്ഞീരകത്ത് സുധീഷ് ഫയൽ ചെയ്ത ഹർജിയിലാണ് അരൂഹ ടൂർസ് ഏൻ്റ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ തൃശൂരിലെ മാനേജർ, കോഴിക്കോട്ടെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.
സുധീഷ് വിദേശരാഷ്ട്രങ്ങളിലേക്ക് വിസ എടുക്കുന്നതിന് അരൂഹ ടൂർസ് ഏൻ്റ് ട്രാവൽസിൻ്റെ സേവനം സ്വീകരിച്ചു വന്നിരുന്നു. ആഷിഖ് ഹാഷിം ഭാര്യ സോണി, മക്കളായ ആസിയ ആഷ്ഖ് ഹാഷിം, അയാൻ ആക്ഷ്ഖ് ഹാഷിം, അമാൻ ആഷ്ഖ് ഹാഷിം എന്നിവർക്ക് വിസിറ്റിംഗ് വിസ എടുക്കുന്നതിനായി സുധീഷ് എതൃകക്ഷികളെ സമീപിച്ചിരുന്നു. ഓരോ വിസക്കും 14,500 രൂപ വീതം എതൃകക്ഷികൾ കൈപ്പറ്റുകയുണ്ടായി.
ഇതിനിടെ പിതാവിൻ്റെയോ മാതാവിൻ്റെയോ കൂടെ വരുന്ന പതിനെട്ട് വയസ്സ് പ്രായമാകാത്ത കുട്ടികളുടെ വിസ ഫീസ് യു എ ഇ ഗവണ്മെൻ്റ് ഒഴിവാക്കുകയുണ്ടായി.എന്നാൽ ഈ വിവരം എതൃകക്ഷികൾ ഹർജിക്കാരനിൽ നിന്നും മറച്ചുവെക്കുകയായിരുന്നു.കുട്ടികളുടെ വിസ അപ്ലിക്കേഷൻസിൽ വിസ ഫീസ് രേഖപ്പെടുത്തിയിരുന്നത് പൂജ്യം എന്നാണെന്ന് ഹർജിക്കാരന് മനസ്സിലാക്കി. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്. കുട്ടികൾക്ക് വിസ ഫീസ് ഇല്ലാതിരിക്കെ ഇപ്രകാരം സംഖ്യ ഈടാക്കിയ നടപടി നിയമവിരുദ്ധമാകുന്നു എന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി കുട്ടികളുടെ വിസ ഫീ ആയി ഈടാക്കിയ 43,500 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും 8% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി .