
എൽ എഫ് കോളേജിൽ ഐ.കെ.എസ് ഫെസ്റ്റിന് സമാപ്തി

ഗുരുവായൂർ : വിദ്യാർത്ഥി കരുത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ 2026 മാർച്ച് 2, 3 തീയതികളിൽ ലിറ്റിൽ ഫ്ലവർ കോളേജിൽ വെച്ച് നടന്ന lKS fest ന് ഗംഭീര സമാപനം.
സെമിനാറുകളുടെ ഏകോപനം മുതൽ മത്സരങ്ങളുടെ നടത്തിപ്പ് വരെ വിദ്യാർത്ഥികൾ ഏറ്റെടുത്തതോടെ ഫെസ്റ്റ് ജനശ്രദ്ധയാകർഷിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജെ ബിൻസിയുടെ അധ്യക്ഷതയിൽ ആരംഭിച്ച സെമിനാർ കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ് കുമാർ പി. ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന കലാമണ്ഡലം ആഷിക്കിന്റെ ‘കഥകളി’ ലക്ചർ ഡെമോൺസ്ട്രേഷനും, ഫാദർ ഡോക്ടർ ഫ്രാൻസിസ് അറക്കലിന്റെ ‘ഐ.കെ.എസ്: ഭാഷാശാസ്ത്രത്തിന്റെ പാതകൾ’ എന്ന വിഷയത്തിലുള്ള സെമിനാറും ശ്രദ്ധേയമായി.

ഫെസ്റ്റിന്റെ സമാപന ദിവസമായ മാർച്ച് മൂന്നിന് കലാമണ്ഡലം ജിഷ്ണു പ്രതാപ് അവതരിപ്പിച്ച കൂടിയാട്ടം – സോദോഹരണ പ്രഭാഷണവും അദ്ദേഹത്തിൻറെ ചാക്യാർകൂത്തും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്താലും അവതരണത്താലും ശ്രദ്ധേയമായി.
ഇതിഹാസങ്ങളെ ആസ്പദമാക്കിയുള്ള പി.പി.ടി പ്രസന്റേഷൻ, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ക്രാഫ്റ്റ് മത്സരം എന്നിവയിൽ വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗാത്മകത പ്രകടമാക്കി.

വൈകുന്നേരം 3 മണിയോടെ നടന്ന സമാപന സമ്മേളനത്തിൽ സെമിനാറിൽ പേപ്പറുകൾ അവതരിപ്പിച്ചവർക്കും മത്സരവിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെ. ബിൻസി, കൺവീനർ ഡോ. ജസ്റ്റിൻ പി.ജി, ഐ.ക്യു.എ.സി കോർഡിനേറ്റർ പ്രൊഫ. സിതാര കെ. ഉറുമ്പിൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. കലാവതരണത്തിൽ വിദ്യാർത്ഥികളുടെ കൂടി സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഭാരതീയ പൈതൃകത്തെ പുതിയ കാഴ്ചപ്പാടിലൂടെ കാണാൻ വിദ്യാർത്ഥികളെ സഹായിച്ച സംതൃപ്തിയോടെയാണ് രണ്ടുദിവസത്തെ ഫെസ്റ്റിന് തിരശ്ശീല വീണത്

