ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നത് തിരുത്തലോടെ.
കൊച്ചി: മലയാളസിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാർ പുറത്തുവിടുന്നത് തിരുത്തലോടെ. റിപ്പോർട്ടിന്റെ ചിലഭാഗങ്ങൾ നീക്കംചെയ്താണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്കുനൽകാൻ തീരുമാനിച്ചിരിക്കുന്നത്. ചിലപേജുകൾ, ഖണ്ഡികകൾ, വാചകങ്ങൾ എന്നിവയൊഴിവാക്കി റിപ്പോർട്ടിൻ്റെ 233 പേജുകളാണ് പുറത്തുവിടുക.
പേജ് രണ്ടുമുതൽ നാലുവരെയുള്ളവയിൽ അഞ്ചാംഖണ്ഡികയുടെ അവസാനവരിയും ആറുമുതൽ എട്ടുവരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 29 മുതൽ 31 വരെയുള്ള ഭാഗത്ത് 57 മുതൽ 58 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കും. പേജ് 191-ലെ അവസാനവരിയൊഴിച്ചുള്ള ഭാഗവും 192-ലെ അവസാനഖണ്ഡികയൊഴിച്ചുള്ള ഭാഗവും പുറത്തുവിടില്ല. ഇതുപോലെ 16 ഭാഗങ്ങളാണ് പ്രധാനമായും ഒഴിവാക്കുന്നത്.
ഒഴിവാക്കുന്ന ഭാഗങ്ങളേതെന്ന് അപേക്ഷകർക്ക് നൽകുന്ന അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങൾ ഒഴിവാക്കിയെന്നാണ് അറിയിപ്പിൽ പറയുന്നത്. വിവരാവകാശ കമ്മിഷണറുടെ ഉത്തരവിൽ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിഷ്‌കർഷിച്ച ഭാഗവും പുറത്തുവിടുന്നവയിലില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഖണ്ഡികകളാണ് ഈ ഭാഗത്തിലുള്ളത്. റിപ്പോർട്ടിന്റെ അവസാനവരിയിലെ ചിലവാക്കുകൾ വൈറ്റ്നർ ഉപയോഗിച്ച് മായ്ച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
റിപ്പോർട്ടിന് അപേക്ഷിച്ച അഞ്ചുപേർക്കും 24-ന് വൈകീട്ട് 3.30-ന് റിപ്പോർട്ടിന്റെ പകർപ്പ് കൈമാറും. സർക്കാർ പൂഴ്ത്തിവെച്ച റിപ്പോർട്ട് വിവരാവകാശ കമ്മിഷന്റെ ഇടപെടലോടെയാണ് പുറത്തുവരുന്നത്.