ന്യൂ മാഹി സിപിഎം പ്രവർത്തകൻ ഹരിദാസന്റെ വധം : ഏഴു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു
കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘർഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ആകെ ആറ് സംഘങ്ങൾ നിലവിൽ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണംനടത്തി വരികയാണെന്നും ഇളങ്കോ വ്യക്തമാക്കി.
നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധനിച്ചു വരികയാണ്. ഹരിദാസൻ്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മീഷണർ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ അറസ്റ്റിലാവുമെന്നും അറിയിച്ചു.
അതേസമയം കൊല്ലപ്പെട്ട ഹരിദാസൻ്റെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഇരുപത്തിലധികം വെട്ടുകൾ ഹരിദാസൻ്റെ ശരീരത്തിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം.
വെട്ടിയ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും വെട്ടിയതിനാൽ എത്ര തവണ വെട്ടിയെന്ന് തിരിച്ചറിയാനാവുന്നില്ലെന്നും വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും കാൽ മുറിച്ചു മാറ്റാൻ ശ്രമിച്ചതായും സംശയിക്കുന്നുണ്ട്. വലത് കാൽമുട്ടിന് താഴെ നാലിടങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇടത്തേ കൈയിലും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്ര് റിപ്പോർട്ടിൽ പറയുന്നു.
മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ .പുലർച്ചെ രണ്ട് മണിക്ക് വീടിനടുത്ത് വച്ചാണ് വെട്ടേറ്റത്.
രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതി ക്രൂരമായ. നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.
ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു. വെട്ടേറ്റ് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.
ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സി പി എം ബി ജെപി സംഘർഷമുണ്ടായിരുന്നു.ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.
തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലറുടെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്.ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.
അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
അതേസമയം സി പി എം പ്രവർത്തകനായ ഹരിദാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ,ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി പി എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും.
കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് ബന്ധം , സി പി എം ആരോപിച്ച സ്ഥിതിക്ക് അക്രമം ഉണ്ടാകാനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ അക്രമം ഉണ്ടാകാതിരിക്കാൻ പൊലീസും അതീവ ജാഗ്രതയിലാണ് .