Above Pot

ഹമാസിന്റെ കമാൻഡർ മുറാദ് അബു മുറാദിനെ വധിച്ചെന്ന് ഇസ്രായേൽ.

ടെൽ അവീവ് : ഹമാസിന്റെ ഉന്നതനേതാവിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രായേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്ഥാനത്തിന് നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. എന്നാൽ അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രായേലിൽ നടന്ന മിന്നൽ ആക്രമണത്തിന് ഹമാസിനു വേണ്ട നിർദേശങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവചിച്ച വ്യക്തിയാണ് അബു മുറാദെന്ന് ദ് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇസ്രയേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ നിരവധി ഇസ്രയേലുകാർ കൊല്ലപ്പെട്ടിരുന്നു.

Astrologer

ഗാസയിൽ നടന്ന ബോംബാക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം വന്നതിനു പിന്നാലെയാണ് ഹമാസ് കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്. ‘ഞങ്ങളുടെ ശത്രുക്കൾ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളു. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് എനിക്കു വെളിപ്പെടുത്താനാവില്ല’എന്നാണ് നെതന്യാഹു പറഞ്ഞത്.

ശത്രുക്കള്‍ തങ്ങള്‍ക്കെതിരേ ചെയ്തതൊന്നും മറക്കില്ല. പതിറ്റാണ്ടുകള്‍ക്കിടെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്രൂരതയാണ് ജൂതര്‍ക്കെതിരേ തങ്ങളുടെ ശത്രുക്കള്‍ ചെയ്തത്. സമാനതകളില്ലാത്ത ശക്തിയോടെ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

‘ഞങ്ങള്‍ രാജ്യത്തിനുവേണ്ടി പല്ലും നഖവും ഉപയോഗിച്ച് പോരാടിക്കൊണ്ടിരിക്കുകയാണ്. ശത്രുക്കള്‍ ഞങ്ങള്‍ക്കെതിരെ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഒരിക്കലും മറക്കില്ല, പൊറുക്കില്ല. ശത്രുക്കള്‍ അനുഭവിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂ. ഞങ്ങളുടെ പദ്ധതി എന്താണെന്ന് വെളിപ്പെടുത്തുന്നില്ല, പക്ഷേ ഒരുകാര്യം പറയട്ടെ, ഇത് തുടക്കംമാത്രമാണ്’, നെതന്യാഹു പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ഗാസയില്‍ വ്യാപക റെയ്ഡ് നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്നാണ് വിലയിരുത്തല്‍. മേഖലയിലെ ഹമാസ് സംഘാംഗങ്ങളെ ലക്ഷ്യമിട്ടും ബന്ദികളെ കണ്ടെത്താനുമാണ് റെയ്ഡ്. റെയ്ഡിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പുറത്തുവിട്ടു

അതെ സമയം ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിന്ന് നീക്കം ചെയ്തു. സിഇഒ ലിന്‍ഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഓണ്‍ലൈന്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട യുറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് യുറോപ്യന്‍ യൂണിയന്‍ വ്യവസായ മേധാവി തിയറി ബ്രട്ടണ്‍ എക്‌സ് മേധാവി ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ എക്‌സില്‍ നിന്നും നീക്കം ചെയ്തത്.

നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച് വരികയാണെന്ന് സിഇഒ ലിന്‍ഡ യക്കാരിനോയും വ്യക്തമാക്കി. ” സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ഹമാസുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. അവയെല്ലാം തന്നെ നീക്കം ചെയ്തു,” ലിന്‍ഡ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വ്യാജവും കൃത്രിമവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയ നിരവധി അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണെന്നും ലിന്‍ഡ പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ സര്‍വ്വീസ് ആക്ട് പാസാക്കിയത്. ഇതുപ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളെ കര്‍ശനമായി നിരീക്ഷിക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ” തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എക്‌സില്‍ സ്ഥാനമില്ല. അത്തരം അക്കൗണ്ടുകള്‍ ഞങ്ങള്‍ നീക്കം ചെയ്യും,” എന്നും ലിന്‍ഡ യക്കാരിനോ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിലും അവ നിയന്ത്രിക്കുന്നതിലും ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്‌സ് എന്നാണ് യൂറോപ്യന്‍ യൂണിയന്റെ വിലയിരുത്തല്‍.

Vadasheri Footer