
ഗുരുവായൂരിലെ ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു

ഗുരുവായൂർ : ഒരു കാലത്ത് ഗുരുവായൂരപ്പന്റെ സന്തത സഹചാരിയായിരുന്ന ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം. നാല് വയസുകാരിയായിരുന്ന നന്ദിനിയെ 1964ൽ നിലമ്പൂർ സ്വദേശി പി.നാരായണൻ നായരാണ് നടയിരുത്തിയത്. മൂ ന്ന് പതിറ്റാണ്ടിലധികം പള്ളിവേട്ട, ആറാട്ട് ചടങ്ങിന് നിയോഗിക്കപ്പെട്ട പിടിയാനയാണ് നന്ദിനി. ആറ് പതിറ്റാണ്ടോളം പള്ളിവേട്ടക്കും ആറാട്ടിനും നിയോഗിക്കപ്പെട്ട ലക്ഷ്മിക്കുട്ടിക്ക് പ്രായത്തിെൻറ അവശതകൾ തുടങ്ങിയപ്പോഴാണ് മറ്റൊരാനക്ക് വേണ്ടി അന്വേഷണം നടത്തിയത്. ആനത്താവളത്തിൽ അന്നുണ്ടായിരുന്ന ഗൗരി, താര, രശ്മി, ദേവി, ഉമ, അഞ്ജലി എന്നിവരിൽ നിന്നാണ് നന്ദിനി തിരഞ്ഞെടുക്കപ്പെട്ടത് 1987 ലാണ് ആനത്തറവാട്ടിലെ മുത്തശ്ശിയായിരുന്ന ലക്ഷ്മിക്കുട്ടിയിൽ നിന്ന് നന്ദിനി ഈ അവകാശം ഏറ്റെടുത്തത്.

അന്ന് മുതൽ പള്ളിവേട്ടക്ക് ക്ഷേത്രമതിൽക്കകത്ത് ഒമ്പത് പ്രദക്ഷിണവും ആറാട്ടിന് 11 പ്രദക്ഷിണവും നടത്തുന്നത് നന്ദിനിയാണ്.. നീളമുള്ള തുമ്പിക്കൈയും വലിയ ചെവിയുമുള്ള നന്ദിനിക്ക് സാധാരണ പിടിയാനകൾക്കുള്ളതുപോലെ കൊമ്പിെൻറ സ്ഥാനത്ത് തേറ്റയില്ലെന്ന പ്രത്യേകതയുമുണ്ട്. . ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ പള്ളിവേട്ടക്കും ആറാട്ടിനും നന്ദിനിയെ പ്രദക്ഷിണത്തിന് നിയോഗിച്ച് യോഗ്യത പരീക്ഷിച്ച ശേഷമാണ് ഗുരുവായൂരിലെ പള്ളിവേട്ടക്കും ആറാട്ടിനും നിയോഗിച്ചത്. ചടങ്ങിൻ്റെ ഭാഗമായി നിൽക്കേണ്ടിടത്ത് നിൽക്കാനും ഓടേണ്ടിടത്ത് ഓടാനും ഈ ആനക്കറിയാമെന്ന് പാപ്പാൻമാർ പറയുന്നു. പുന്നത്തൂർ കോവിലകത്തേക്ക് ആനത്താവളം മാറ്റിയപ്പോൾ കേശവനൊപ്പം എത്തിയതായിരുന്നു നന്ദിനി.
മൂന്ന് വര്ഷം മുൻപ് ആരംഭിച്ച പാദരോഗം മൂർച്ഛിച്ചു കിടപ്പിലായിരുന്നു ഗജമുത്തശ്ശി .കെട്ട് തറിയിൽ റബ്ബർ മാറ്റ് വിരിച്ചു അതിലായിരുന്നു നിന്നിരുന്നത് . പിന്നീട് ചാരിനിൽ ക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു . തീരെ നിൽക്കാൻ കഴിയാതെ കിടപ്പിലാകുകയായിരുന്നു . ചട്ടക്കാൻ നാരായണൻ കുട്ടിയും സഹായികളായ മനീഷ് സത്യൻ എന്നിവരുടെ പരിചരണത്തിലായിരുന്നു നന്ദിനി . പോസ്റ്മാർട്ടത്തിനു ശേഷം സംസ്കാരം നടത്തുന്നതിനായി ഞായറാഴ്ച പുലർച്ചെ കോടനാട്ടേക്ക് കൊണ്ട് പോകും