ദേവസ്വം ഭരണ സമിതിയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം , പിൻ വാതിൽ നിയമനത്തിന് തിരക്കിട്ട നീക്കം
ഗുരുവായൂർ : ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ നോക്കുകുത്തിയാക്കി പിന് വാതിൽ നിയമനത്തിന് ഗുരുവായൂർ ദേവസ്വത്തിൽ തിരക്കിട്ട നീക്കം . കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഭരണ സമിതിയാണ് ഇരുപതോളം ക്ലാർക്കുമാരെ പിൻ വാതിലിലൂടെ നിയമിക്കാൻ നീക്കം നടത്തുന്നത് . പ്രാദേശിക സി പി എം നേതൃത്വം നൽകിയ ലിസ്റ്റിൽ നിന്നുമാണ് നിയമനം നടത്തുന്നതത്രെ .
വീണ്ടും ഭരണസമിതിയിലെത്താൻ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ആർജിക്കലാണ് ഇത്തരം നീക്കത്തിന് പിന്നിലുള്ളതെന്ന് പറയപ്പെടുന്നു . നേരത്തെ 20 ക്ലാർക്കുമാരെ നിയമിക്കാൻ വേണ്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് എഴുത്തു പരീക്ഷയ്ക്കും ഇന്റർവ്യൂ വും നടത്തി 50 ഉദ്യോഗാർഥികളുടെ പട്ടിക തയ്യാറാക്കി അതിൽ നിന്ന് ഇരുപത് ആളുകളെ നിയമിച്ചു വെങ്കിലും 16 പേര് മാത്രമാണ് ജോയിൻ ചെയ്തത് .
ഇനിയും ഉദ്യോഗാർത്ഥികളെ വേണമെങ്കിൽ റിക്രൂട്ട് മെന്റ് ബോർഡ് തയ്യാറാക്കിയ പട്ടികയിൽ നിന്നുമുള്ള ആളുകളെ നിയമിക്കാമെന്നിരിക്കെയാണ് തിരക്കു പിടിച്ചു പിൻ വാതിൽ നിയമനത്തിന് ഭരണ സമിതി നീക്കം നടത്തുന്നത്. ഭരണ കക്ഷിയുടെ ആളുകളായി താൽക്കാലിക ജോലിയിൽ പ്രവേശിച്ചു വർഷങ്ങൾ പിന്നിട്ടാൽ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിക്കൽ ആണ് ദേവസ്വത്തിലെ പതിവ് രീതി .
സാമാന്യ വിവരവും , നേരെ ചൊവ്വേ ഫയൽ എഴുതാൻ പോലും അറിയാത്തവരാണ് ഇതിൽ പലരുമത്രെ . വിദ്യഭ്യാസവും കഴിവും ഉള്ളവരെ പരീക്ഷയും ഇന്റർവ്യൂ വും നടത്തി ജോലിക്കെടുക്കാൻ ശ്രമിക്കാതെയാണ് താൽക്കാലിക ജീവനക്കാരെ വെച്ച് ദേവസ്വം കസർത്ത് കാണിക്കുന്നത്