
ഗുരുവായൂരിൽ നാരായണീയ മഹോത്സവം 5ന് തുടങ്ങും

ഗുരുവായൂർ : അഖിലഭാരത നാരായണീയ മഹോത്സവസമിതിയുടെ നേതൃത്വത്തില്‍ നാരായണീയമഹോത്സവം ‘വൈകുണ്ഠാമൃതം’എന്ന പേരില്‍ ഗുരുവായൂരില്‍ സംഘടിപ്പിക്കും. അഞ്ചു മുതല്‍ 10 വരെ ഗുരുവായൂര്‍ ഇന്ദിരാ ഗാന്ധി ടൗണ്‍ഹാളിലാണ് വൈകുണ്ഠാമൃതം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10-ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും.

നയനം നാരായണീയം, ഭവനം നാരായണീയം, പുരസ്‌കാരസമര്‍പ്പണം, സാന്ത്വനം നാരായണീയം എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും. എല്ലാ ദിവസവും നാരായണീയം സമ്പൂര്‍ണ പാരായണം, ഓണ്‍ലൈന്‍ മത്സരങ്ങള്‍ എന്നിവ നടക്കും. ലോക മാനസികാരോഗ്യ ദിനത്തില്‍ കേശാദിപാദ വിശ്വദര്‍ശനം എന്ന കാഴ്ചപ്പാടില്‍ ലോകമെമ്പാടുമുള്ള ഭക്തരെ കോര്‍ത്തിണക്കി 10 മിനിറ്റ് 10 സെക്കന്‍ഡ് സമയത്ത് പ്രത്യേകം തയ്യാറാക്കിയ ലിങ്കിലൂടെ ആഗോളതലത്തില്‍ പാരായണം ചെയ്യും.
ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, കേന്ദ്ര മന്ത്രിമാരായ ശിവരാജ് സിങ് ചൗഹാന്‍, എല്‍. മുരുകന്‍, സുരേഷ് ഗോപി, പോണ്ടിച്ചേരി മന്ത്രി കെ. ലക്ഷ്മീനാരായണന്‍, ആര്‍എസ്എസ് പ്രജ്ഞാ പ്രവാഹ് പ്രമുഖ് ജെ. നന്ദകുമാര്‍, ശോഭാ സുരേന്ദ്രന്‍, നാരായണീയ മഹോത്സവ സമിതി അധ്യക്ഷന്‍ അഡ്വ. മാങ്ങോട്ട് രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി. മോഹന്‍ദാസ്, മഹാമണ്ഡലേശ്വര്‍ ജുന അക്കാഡ സ്വാമി നാരായണന്‍ ഗിരി മഹാരാജ്,സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി ഉദിത് ചൈതന്യ, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് തുടങ്ങിയര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ദേശീയ ജനറല്‍സെക്രട്ടറി ഹരി മേനോന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ചെന്താമരാക്ഷന്‍, ജനറല്‍ കണ്‍വീനര്‍ ബാബുരാജ് കേച്ചേരി, അരുണ്‍ ബാബു കെ. നായര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.